ബേപ്പൂർ തോൽവിയിൽ യുഡിഎഫ് വോട്ട് ചോർച്ചയുടെ പുതിയ കണക്ക് പുറത്തുവിട്ട് പിവി അൻവർ; ചെറുവണ്ണൂർ-നല്ലളം മേഖലകളിലെ കണക്ക് നാളെ പുറത്തുവിടുമെന്നും വെല്ലുവിളി

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ യു.ഡി.എഫ് വോട്ട് ചോർച്ചയുടെ കണക്കുകൾ പുറത്തുവിട്ട് പി.വി. അൻവർ. കോഴിക്കോട് കോർപ്പറേഷനിലെ ബേപ്പൂർ മേഖലയിലുള്ള 48 മുതൽ 54 വരെയുള്ള ഏഴ് ഡിവിഷനുകളിലെ വിവരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഈ മേഖലയിൽ പ്രതീക്ഷിച്ചതിലും 681 വോട്ടുകൾ കുറഞ്ഞപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് കണക്കാക്കിയതിലും 913 വോട്ടുകൾ കൂടുതൽ ലഭിച്ചുവെന്നും ഈ വ്യത്യാസം ചെറുതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 2021 ലെ 14,000 വോട്ടുകളിൽ നിന്ന് 5,890 ആയി കുറക്കാൻ സാധിച്ചതായി അൻവർ വ്യക്തമാക്കി. ചെറുവണ്ണൂർ, നല്ലളം മേഖലകളിലെ കണക്കുകൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിവി അൻവറിന്‍റെ വാക്കുകൾ

കോഴിക്കോട് കോർപ്പറേഷനിലെ 41 മുതൽ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ 48 മുതൽ 54 വരെയുള്ള ഏഴ് ഡിവിഷനുകൾ ബേപ്പൂർ മേഖലയിലാണ്. ഈ ഏഴു ഡിവിഷനുകളിൽ 49 -ാം ഡിവിഷനായ ബേപ്പൂർ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്. 49 -ാം ഡിവിഷൻ എൻഡിഎയും. യുഡിഎഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂർ മേഖലയിൽ ഇല്ല എന്ന് ചുരുക്കം. ഈ ഏഴു ഡിവിഷനുകളിൽ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 21343 വോട്ടുകൾ ആണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ എനിക്ക് 15453 വോട്ടുകളും നേടാൻ സാധിച്ചു. അതായത് 5890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂർ മേഖലയിൽ എൽഡിഎഫിന് നേടാനായത്. 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 14000 വോട്ടുകളോളം ആയിരുന്നു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, എൽഡിഎഫിന് 17244 വോട്ടും യുഡിഎഫിന് 11664 വോട്ടും ആണ് നേടാനായത്. 5580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തിൽ എൽഡിഎഫ് 20430 വോട്ടുകൾ ഈ ഏഴ് ഡിവിഷനുകളിൽ നിന്നും സമാഹരിക്കും എന്നും, യുഡിഎഫിന് 16134 വോട്ടുകൾ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ കണക്ക്. തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ കണക്കിൽ നിന്നും 681 വോട്ടുകൾ കുറവായാണ് യുഡിഎഫ് സ്ഥാനാർഥിയായ എനിക്ക് ലഭിച്ചത്. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഈ കണക്കിൽ നിന്നും 913 വോട്ടുകൾ കൂടുതൽ രേഖപ്പെടുത്തി. ഏഴായിരത്തിലധികം വോട്ടുകൾക്ക് മാത്രമാണ് പരാജയം എന്നിരിക്കെ, ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല. ഏഴ് ഡിവിഷനുകളിൽ ഒന്നു പോലും യുഡിഎഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തിൽ നിന്നും 8000 ത്തോളം വോട്ടുകൾ കുറക്കാൻ ഈ മേഖലയിൽ യുഡിഎഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്നും കണക്കില്ലാത്ത വോട്ടുകൾ യുഡിഎഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്. ഇടതുപക്ഷ കേന്ദ്രങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ ഈ തെരഞ്ഞെടുപ്പിൽ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാൻ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്. സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ. ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്നും വോട്ടുകൾ കൃത്യമായി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി. ബേപ്പൂർ മേഖലയിലും യുഡിഎഫ് വോട്ടുകൾ ചോർന്നിട്ടുണ്ട്. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകൾ വലിയതോതിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോൾ പ്രത്യക്ഷത്തിൽ ഈ ചോർച്ച കാണാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. ചെറുവണ്ണൂർ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം….

Beypore Poll Defeat: PV Anvar Reveals UDF Vote Leakage Data in Key Divisions

More Stories from this section

family-dental
witywide