
കാബൂൾ: അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ പാകിസ്താൻ നടത്തിയ പുതിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ പ്രവിശ്യാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയും തർക്ക അതിർത്തിയായ ഡ്യൂറൻഡ് ലൈനിൽ പാക് സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ കടുക്കുകയും ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ 3 നും 4 നും ഇടയിൽ കുനാർ പ്രവിശ്യയിലെ നൂർഗൽ ജില്ലയിലാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. കുനാറിന് പുറമെ പക്തിക പ്രവിശ്യയിലും പാക് യുദ്ധവിമാനങ്ങൾ അതിക്രമിച്ചു കയറി ബോംബെറിഞ്ഞതായാണ് വിവരം. ജൂൺ 29-ന് ശേഷം അഫ്ഗാൻ മണ്ണിൽ പാകിസ്താൻ നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്. മുൻപ് നടന്ന ആക്രമണങ്ങളിൽ 28 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുഎൻ സഹായ മിഷൻ (UNAMA) വ്യക്തമാക്കിയിരുന്നു.
വ്യോമാക്രമണത്തിന് പിന്നാലെ അതിർത്തി പ്രദേശങ്ങളായ സ്പിൻ ഷാക്ക, ട്രെ മെംഗൽ എന്നിവിടങ്ങളിൽ ഇരുവിഭാഗവും തമ്മിൽ കനത്ത വെടിവെപ്പും പീരങ്കിയാക്രമണവും ആരംഭിച്ചു. മുൻപ് അഫ്ഗാൻ സൈന്യത്തിന്റെ അധീനതയിലായിരുന്ന താവളത്തിൽ പാക് സൈന്യം പുതിയ പോസ്റ്റ് സ്ഥാപിക്കാൻ ശ്രമിച്ചതാണ് താലിബാനെ പ്രകോപിപ്പിച്ചത്.
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പൊലീസ് കേന്ദ്രത്തിന് നേരെ രണ്ട് ദിവസം മുൻപ് നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാകിസ്താന്റെ ഈ നടപടി. മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച ഈദ് വെടിനിർത്തൽ പരാജയപ്പെട്ടതിനെ തുടർന്ന് അതിർത്തിയിൽ മാസങ്ങളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോൾ വൻ യുദ്ധഭീതിയിലേക്ക് വഴിമാറിയിരിക്കുന്നത്.
Pakistani airstrike in Afghanistan again: Three dead; fear of war at the border.













