ഈറോഡിൽ നിന്ന് ഐവി ലീഗിലേക്ക്; തമിഴ്‌നാട് സ്വദേശിയായ 17-കാരന് യു.എസ് ബ്രൗൺ യൂണിവേഴ്സിറ്റിയിൽ 3.55 കോടിയുടെ പൂർണ്ണ സ്കോളർഷിപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്ന് അമേരിക്കയിലെ പ്രശസ്തമായ ഐവി ലീഗ് സർവ്വകലാശാലകളിലൊന്നായ ബ്രൗൺ യൂണിവേഴ്സിറ്റിയിലേക്ക് സ്വപ്നതുല്യമായ നേട്ടവുമായി പതിനേഴുകാരൻ പ്രണവ് ഇളങ്കോ. നാല് വർഷത്തെ ഉപരിപഠനത്തിനും ജീവിതച്ചെലവുകൾക്കുമായി 3.55 കോടി രൂപയുടെ (പൂർണ്ണ സ്കോളർഷിപ്പ്) ചരിത്ര നേട്ടത്തോടെയാണ് പ്രണവ് യു.എസിലെ റോഡ് ഐലൻഡിലുള്ള ഈ പ്രശസ്ത സ്ഥാപനത്തിൽ പ്രവേശനം ഉറപ്പാക്കിയത്.

യൂണിവേഴ്സിറ്റിയിൽ ‘പബ്ലിക് ഹെൽത്ത്’ (പൊതുജനാരോഗ്യം), ‘അപ്ലൈഡ് മാത്തമാറ്റിക്സ്’ എന്നീ വിഷയങ്ങളിലാണ് പ്രണവ് ബിരുദ പഠനം നടത്തുക. ഗണിതശാസ്ത്രം, ആധുനിക സാങ്കേതികവിദ്യ, ഡാറ്റാ അനലിറ്റിക്സ് എന്നിവ സമന്വയിപ്പിച്ച് സമൂഹത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ബ്രൗൺ യൂണിവേഴ്സിറ്റിക്ക് പുറമെ ലോകോത്തര നിലവാരമുള്ള ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിൽ നിന്നും 100 ശതമാനം സ്കോളർഷിപ്പോടെ പ്രണവിന് പ്രവേശന ഓഫർ ലഭിച്ചിരുന്നു.

ഈറോഡ് സി.എസ് അക്കാദമിയിലെ സീനിയർ വിദ്യാർത്ഥിയായ പ്രണവ്, പതിമൂന്നാം വയസ്സിൽ തന്നെ അന്താരാഷ്ട്ര ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. പ്രശസ്ത വിദ്യാഭ്യാസ കൂട്ടായ്മയായ ‘ഡെക്സ്റ്ററിറ്റി ഗ്ലോബലിൻ്റെ’ നാഷണൽ സ്കോളർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിലൂടെ ലഭിച്ച വിദഗ്ദ്ധ പരിശീലനവും ലീഡർഷിപ്പ് മെന്റർഷിപ്പുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രണവ് പറയുന്നു. കേംബ്രിഡ്ജ് ലേണേഴ്‌സ് അന്താരാഷ്ട്ര പരീക്ഷയുടെ ഐജിസിഎസ്ഇ ഗണിതശാസ്ത്രത്തിൽ ‘വേൾഡ് ടോപ്പർ’ പദവിയും പ്രണവ് മുൻപ് സ്വന്തമാക്കിയിട്ടുണ്ട്.

കേവലം മാർക്കിനപ്പുറം ശാസ്ത്ര-സാങ്കേതിക വിദ്യകളെ ജനനന്മയ്ക്കായി എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് പ്രണവിനെ നയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും കൃത്യമായ വിവരങ്ങളും ലഭ്യമല്ലാത്ത ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെയും പിന്നാക്ക മേഖലകളിലെയും ജനവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ, ഡാറ്റാ വിവരങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ‘പബ്ലിക് ഹെൽത്ത് വെഞ്ച്വർ’ (പൊതുജനാരോഗ്യ സംരംഭം) ഭാവിയിൽ കെട്ടിപ്പടുക്കുക എന്നതാണ് തൻ്റെ ദീർഘകാല ലക്ഷ്യമെന്ന് പ്രണവ് വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ പരിപാലന പരിഹാരങ്ങളെക്കുറിച്ച് പ്രണവ് ഇതിനകം തന്നെ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.

1764-ൽ സ്ഥാപിതമായ ബ്രൗൺ യൂണിവേഴ്സിറ്റി ലോകത്ത് പ്രവേശനം ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള മുൻനിര സർവ്വകലാശാലകളിൽ ഒന്നാണ്. കഠിനാധ്വാനവും കൃത്യമായ മാർഗ്ഗനിർദ്ദേശവുമുണ്ടെങ്കിൽ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കും ലോകത്തിൻ്റെ നെറുകയിൽ എത്താമെന്ന് തെളിയിക്കുകയാണ് പ്രണവ് ഇളങ്കോയുടെ ഈ അപൂർവ്വ നേട്ടം.

From Erode to Ivy League; 17-year-old from Tamil Nadu gets full scholarship worth Rs 3.55 crore at Brown University in US

More Stories from this section

family-dental
witywide