അനുഭവ സമ്പത്തിന്റെ കരുത്തോടെ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പോള്‍ പി ജോസ്

എ.എസ് ശ്രീകുമാര്‍

അമേരിക്കന്‍ മലയാളി സമൂഹത്തിന്റ നെഞ്ചിടിപ്പറിഞ്ഞ്, അവരുടെ ഉന്നമനത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന ‘ഫോമാ’ എന്ന മഹാപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലുകള്‍ തീര്‍ത്ത നേതാവാണ് പോള്‍ പി ജോസ്. ‘വാക്കുകളേക്കാള്‍ പ്രവൃത്തി’ എന്ന നിലപാടിലൂന്നി, വ്യക്തമായ കാഴ്ചപ്പാടോടും ദീര്‍ഘവീക്ഷണത്തോടും കൂടി 2026-2028 കാലയളവിലേക്കുള്ള ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കുമ്പോള്‍, അത് വെറുമൊരു മത്സരമല്ല, മറിച്ച് ഫോമയെ കൂടുതല്‍ കരുത്തോടും സുതാര്യതയോടും കൂടി പുതിയൊരു ദിശാബോധത്തിലേക്ക് നയിക്കാനുള്ള വ്യക്തമായ നയപ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്.

പ്രവര്‍ത്തന പരിചയവും സംഘാടന മികവുമാണ് പോള്‍ പി. ജോസിന്റെ ഏറ്റവും വലിയ ശക്തി. മെട്രോ റീജിയണല്‍ തലത്തില്‍ വര്‍ഷങ്ങളോളം താഴെത്തട്ടില്‍ നിന്ന് കെട്ടിപ്പടുത്ത ദൃഢമായ സംഘടനാ അടിത്തറയും, ഫോമയുടെ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ കഴിവ് തെളിയിച്ച സമ്പന്നമായ അനുഭവസമ്പത്തും അദ്ദേഹത്തിന് തണലായുണ്ട്. പദവികള്‍ക്കപ്പുറം പകര്‍ന്നുനല്‍കുന്ന സേവനമാണ് ഓരോ സംഘടനാപ്രവര്‍ത്തനവുമെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. സമാനതകളില്ലാത്ത സാമൂഹിക പ്രതിബദ്ധതയാണ് പോള്‍ പി. ജോസിന്റെ അടയാളം. നിര്‍ധനരായ സഹജീവികള്‍ക്ക് താങ്ങും തണലുമാകുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലും, അര്‍ഹരായവര്‍ക്ക് തലചായ്ക്കാന്‍ ഇടമൊരുക്കുന്ന ഭവനപദ്ധതികളിലും സജീവ സാന്നിധ്യം.

ആവശ്യമായ ഘട്ടങ്ങളില്‍ ആശ്വാസമേകുന്ന ആരോഗ്യ-സഹായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാനുള്ള ആര്‍ജ്ജവം. ഫോമായുടെ ഭാവി കൂടുതല്‍ സുരക്ഷിതമാക്കാന്‍ യുവതലമുറയെയും വനിതകളെയും സംഘടനയുടെ അമരത്തേക്കും മുഖ്യധാരയിലേക്കും ചേര്‍ത്തുനിര്‍ത്താനുള്ള കൃത്യമായ കാഴ്ചപ്പാട് തുടങ്ങിയവ പോള്‍ പി ജോസിനെ വേറിട്ടു നിര്‍ത്തുന്നു. പടിപടിയായി കാര്യങ്ങള്‍ പഠിച്ച്, തട്ടകങ്ങളില്‍ പ്രവര്‍ത്തിച്ചു തെളിഞ്ഞ അനുഭവസമ്പത്താണ് പോള്‍ പി ജോസിന്റെ കൈമുതല്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഫോമായില്‍ സജീവസാന്നിധ്യമായ അദ്ദേഹം, മെട്രോ റീജിയണ്‍ ആര്‍.വി.പി എന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറിയായി ഫോമായുടെ ദേശീയ നേതൃത്വത്തിലേക്ക് എത്തിയപ്പോള്‍, പ്രസ്ഥാനത്തിന്റെ ഉള്ളറകളെ കൃത്യമായി തൊട്ടറിയാനും അംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു.

തന്റെ ഹോം അസോസിയേഷനായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 50-ാം വാര്‍ഷികത്തില്‍ പ്രസിഡന്റായി കൃത്യതയോടെയും മികവോടെയും നയിച്ച അനുഭവം അദ്ദേഹത്തിലെ സംഘാടകന് കൂടുതല്‍ കരുത്തുപകര്‍ന്നു. കൂടാതെ, ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയിലെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനായ അദ്ദേഹം, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തുടങ്ങി നിരവധി സാംസ്‌കാരിക-സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനങ്ങളില്‍ തിളങ്ങി വലിയൊരു സുഹൃദ്ബന്ധം തന്നെ ആഗോളതലത്തില്‍ കെട്ടിപ്പടുത്തിട്ടുണ്ട്.

ഒരു ഭാരവാഹി എന്നതിലുപരി ഫോമയുടെ ജീവകാരുണ്യ പദ്ധതികളില്‍ പോള്‍ നല്‍കിയ സംഭാവനകള്‍ പ്രശംസനീയമാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്, കെ.എം ചെറിയാന്‍ മെമ്മോറിയില്‍ ഹോസ്പിറ്റല്‍ ചെങ്ങന്നൂര്‍, ആസ്റ്റര്‍ മെഡിസിറ്റി (കോഴിക്കോട്, കൊച്ചി. തിരുവനന്തപുരം), സ്മിത മെമ്മോറിയില്‍ ഹോസ്പിറ്റല്‍ തൊടുപുഴ, കാരിത്താസ് ബോസ്പിറ്റല്‍ കോട്ടയം തുടങ്ങിയ പ്രമുഖ ആശുപത്രികളില്‍ ഇളവുകള്‍ ലഭ്യമാക്കുന്ന മെഡിക്കല്‍ കാര്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. ‘ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ്’ പദ്ധതിയിലൂടെ സാമ്പത്തിക സഹായ വിതരണം, ഭവന നിര്‍മ്മാണ പദ്ധതിക്ക് കീഴില്‍ വീടുകളുടെ താക്കോല്‍ദാനം, നിര്‍ധന വിധവകളായ അമ്മമാരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ‘അമ്മയോടൊപ്പം’ പദ്ധതി, വിമന്‍സ് ഫോറത്തിന്റെ കരുതലുകള്‍ എന്നിവയിലൂടെ സാധാരണക്കാരായ അംഗങ്ങളിലേക്ക് ഇറങ്ങിപ്പറന്നു.

ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവരടങ്ങുന്ന നേതൃത്വത്തോടൊപ്പം 2026 ജനുവരിയില്‍ കോട്ടയത്ത് നടന്ന കേരള കണ്‍വെന്‍ഷന്‍ അവിസ്മരണീയമാക്കുന്നതില്‍ പോള്‍ സുപ്രധാന പങ്ക് വഹിക്കുകയുണ്ടായി. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫാമിലി കണ്‍വെന്‍ഷനും വിജയിപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹം. വാഗ്ദാനങ്ങളില്‍ അല്ല, സുതാര്യവും ജനകീയവുമായ പ്രവര്‍ത്തന മികവിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്ന് പോള്‍ പി ജോസ് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഐക്യവും സുതാര്യതയുമുള്ള പുതിയൊരു ഫോമായെ വരുംകാലങ്ങളില്‍ കെട്ടിപ്പടുക്കാന്‍ പോള്‍ പി ജോസിനും അദ്ദേഹത്തിന്റെ പാനലിനും സാധിക്കുമെന്നതില്‍ സംശയമില്ല.

ഇന്ന്, അനുഭവസമ്പത്തും വ്യക്തമായ കാഴ്ചപ്പാടുമുള്ള ഒരു നിരയോടൊപ്പമാണ് പോള്‍ ജനവിധി തേടുന്നത്. ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന ‘ടീം വോയിസ് ഓഫ് ഫോമാ’ യുടെ ഭാഗമായാണ് അദ്ദേഹം മത്സരിക്കുന്നത്. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാവുക, യുവതലമുറയെയും വനിതകളെയും സംഘടനയുടെ മുന്നണിയിലേക്ക് കൊണ്ടുവരിക, അമേരിക്കന്‍ മലയാളികളെ അവിടുത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നിവയാണ് ഈ ടീമിന്റെ പ്രധാന ലക്ഷ്യം.

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. സമര്‍പ്പണബോധവും കഠിനാധ്വാനവും കൈമുതലാക്കി, ഫോമായുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ പോള്‍ പി ജോസ് ഒരുങ്ങിക്കഴിഞ്ഞു.

Paul P. Jose enters the fray for the post of FOMAA General Secretary, backed by a wealth of experience.

More Stories from this section

family-dental
witywide