
വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജനായ സിഖ് ട്രക്ക് ഡ്രൈവർക്ക് നേരെ വംശീയാക്രമണമെന്ന് സംശയിക്കുന്ന ക്രൂരമായ അക്രമം. വ്യോമിംഗിലെ പാതയോര വിശ്രമകേന്ദ്രത്തിൽ വെച്ച് സാക്രമെന്റോ സ്വദേശിയായ ഇരുപത്തിയെട്ടുകാരനായ പഞ്ചാബി സിഖ് യുവാവിനാണ് 17 തവണ കുത്തേറ്റത്. കഴുത്തിലും നെഞ്ചിലും കൈകളിലും വാരിയെല്ലുകളിലും ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സുരക്ഷാ കാരണങ്ങളാൽ ‘സിങ്’ എന്ന തന്റെ കുടുംബപ്പേര് മാത്രമാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.
അനധികൃത കുടിയേറ്റക്കാർക്കും വിദേശികളായ ട്രക്ക് ഡ്രൈവർമാർക്കുമെതിരെ ട്രംപ് ഭരണകൂടം കർശന നടപടികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം നടന്നത്. യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) കഴിഞ്ഞ ദിവസം പുറത്തുവിട്ട എഐ (AI) നിർമ്മിത പോസ്റ്റർ വലിയ വിവാദമായിരുന്നു. “അമേരിക്ക അമേരിക്കക്കാർക്ക് വേണ്ടിയുള്ളതാണ്. ഞങ്ങളുടെ റോഡുകളിൽ നിന്ന് ഇറങ്ങിപ്പോകൂ; നിങ്ങൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല, മിസ്റ്റർ സിങ്” എന്ന വംശീയ അധിക്ഷേപ സൂചനകളുള്ള വാചകങ്ങളാണ് ഈ ഔദ്യോഗിക പോസ്റ്ററിലുണ്ടായിരുന്നത്. തലപ്പാവ് ധരിച്ച സിഖ് വംശജനെ നാടുകടത്തുന്ന രീതിയിലുള്ള ഈ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അക്രമം അരങ്ങേറിയത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഇന്റർസ്റ്റേറ്റ് 80-ലെ ബിറ്റർ ക്രീക്ക് വിശ്രമകേന്ദ്രത്തിലെ ശുചിമുറിയിൽ വെച്ചായിരുന്നു ആക്രമണം. പെൻസിൽവാനിയയിലേക്ക് ട്രക്കുമായി പോവുകയായിരുന്ന സിങ്ങിനെ മറ്റൊരാൾ പിന്തുടരുകയും പെട്ടെന്ന് കത്തി പുറത്തെടുത്ത് ക്രൂരമായി കുത്തുകയുമായിരുന്നു. അക്രമത്തിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് പുറത്തേക്കോടിയ സിങ് ബോധരഹിതനായി വീഴുന്നതിന് മുൻപ് സഹായത്തിനായി നിലവിളിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ഒരു ഹിസ്പാനിക് കുടുംബമാണ് ബഹളം കേട്ട് സിങ്ങിന്റെ രക്ഷയ്‌ക്കെത്തിയത്. ഇവർ നൽകിയ പ്രതിയുടെ ട്രക്കിന്റെ വിവരങ്ങൾ അനുസരിച്ച് വ്യോമിംഗ് ഹൈവേ പട്രോൾ പോലീസ് നടത്തിയ തെരച്ചിലിൽ, 70 മൈൽ അകലെയുള്ള റാവ്‌ലിൻസിന് സമീപം വെച്ച് പ്രതിയെ പിടികൂടി. ആൻഡ്രൂ ക്രിസ് ബ്സ്ഡാക് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമായി യു.എസിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സിങ്, ആശുപത്രിയിൽ വെച്ച് അന്താരാഷ്ട്ര മാധ്യമമായ എൻ.പി.ആറിനോട് പ്രതികരിച്ചു. ഈ സംഭവം അമേരിക്കയിലുടനീളം സർവീസ് നടത്തുന്ന ആയിരക്കണക്കിന് വരുന്ന മറ്റ് പഞ്ചാബി സിഖ് ട്രക്ക് ഡ്രൈവർമാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വംശീയ വിദ്വേഷം ഉണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Sikh truck driver stabbed 17 times in the US; allegations link the attack to a controversial post by the Trump administration.















