യു.എസ് – ഇറാൻ യുദ്ധത്തിന് അരവർഷം; യു.എൻ സമ്മേളനത്തിന് ഇറാൻ പ്രതിനിധികൾക്ക് വിസ നൽകി അമേരിക്ക

ന്യൂയോർക്ക്: യു.എസും ഇറാനും തമ്മിലുള്ള യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുന്നതിനിടയിൽ, അടുത്ത ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭയിൽ (UNGA) പങ്കെടുക്കുന്നതിനായി ഇറാൻ ഔദ്യോഗിക പ്രതിനിധി സംഘത്തിന് അമേരിക്കൻ സർക്കാർ വിസ അനുവദിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരടങ്ങുന്ന പ്രധാന സംഘത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.

വ്യാഴാഴ്ച യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ഈ തീരുമാനം സ്ഥിരീകരിച്ചു. ഒരു ആതിഥേയ രാജ്യം എന്ന നിലയിലുള്ള അന്താരാഷ്ട്ര കടമകൾ പാലിച്ചാണ് വിസ അനുവദിച്ചതെന്ന് വ്യക്തമാക്കിയ യു.എസ്, എന്നാൽ ഇറാൻ പ്രതിനിധി സംഘത്തിന് കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ചില പ്രത്യേക അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് അവരെ വിലക്കുമെന്നും അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പ്രതിനിധി സംഘത്തിൻ്റെ വലിപ്പം കുറവാണെന്നും യു.എസ് കൂട്ടിച്ചേർത്തു.

ഇറാനിലെ ജനങ്ങൾ കുടിവെള്ള-വൈദ്യുതി ക്ഷാമവും കടുത്ത പണപ്പെരുപ്പവും നേരിടുമ്പോൾ, നയതന്ത്രജ്ഞരെ ന്യൂയോർക്കിൽ “ഷോപ്പിംഗ് ആഘോഷങ്ങൾ” നടത്താൻ അനുവദിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. ഇറാൻ പ്രതിനിധികൾക്ക് സാധനങ്ങൾ വിൽക്കുന്നതിനെതിരെ ന്യൂയോർക്കിലെ വ്യാപാര സ്ഥാപനങ്ങൾക്ക് അദ്ദേഹം എക്സിലൂടെ (X) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കോസ്റ്റ്കോ പോലുള്ള മൊത്തവ്യാപാര കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് ഇവർക്ക് വിലക്കുണ്ടായിരുന്നു. ആഭരണങ്ങൾ, മദ്യം, കാറുകൾ എന്നിവ വാങ്ങുന്നതിനും പ്രത്യേക അനുമതി ആവശ്യമായിരുന്നു.

ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. ഇതിനോടകം ആഗോള ഊർജ്ജ വില വർദ്ധിപ്പിക്കുകയും അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കാൻ വൈറ്റ് ഹൗസിന് മേൽ പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ട്. യുദ്ധം തുടങ്ങിയത് മുതൽ യു.എസ് താവളങ്ങൾക്കും ഗൾഫിലെ സഖ്യരാജ്യങ്ങൾക്കും ഇസ്രായേലിനും എതിരെ ഇറാൻ ആവർത്തിച്ച് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

നിലവിൽ നടക്കുന്ന യു.എൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിന്റെ പ്രധാന ആകർഷണമായ പൊതുചർച്ച ചൊവ്വാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാം, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും, ബുധനാഴ്ച ഇറാൻ, യുക്രെയ്ൻ, സിറിയ എന്നീ രാജ്യങ്ങളുടെ നേതാക്കളും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

അതേസമയം, യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും പ്രതിനിധി സംഘത്തിനും അമേരിക്ക വിസ നിഷേധിച്ചു. ഫലസ്തീൻ പ്രതിനിധി സംഘത്തിന്റെ നിയമസാധുത അംഗീകരിക്കാത്ത വൈറ്റ് ഹൗസ്, ഇത് തുടർച്ചയായ രണ്ടാം വർഷമാണ് അവർക്ക് വിസ നിഷേധിക്കുന്നത്.

Six months into the US-Iran standoff; US grants visas to Iranian delegates for UN meeting.

More Stories from this section

family-dental
witywide