
വാഷിംഗ്ടൺ: നാറ്റോ (NATO) സഖ്യകക്ഷികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുന്നതിനിടെ, യൂറോപ്പിലെ തങ്ങളുടെ സൈനിക സാന്നിധ്യത്തിൽ വൻ കുറവ് വരുത്താൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ ഒരുങ്ങുന്നു. നിലവിൽ യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന എൺപതിനായിരത്തോളം വരുന്ന യു.എസ് സൈനികരിൽ മൂന്നിലൊന്നായ 25,000 പേരെ പിൻവലിക്കാനാണ് പ്രാഥമിക ആലോചനയെങ്കിലും, ഇത് 40,000 വരെ ഉയർന്നേക്കാമെന്ന് നിലവിലുള്ളതും മുൻകാലങ്ങളിലുമുള്ള യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. 1990-കളിലെ ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക പിൻവലിക്കലായിരിക്കും ഇത്.
യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ ചുമതലകൾ കൂടുതൽ ഏറ്റെടുക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം. പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷത്തിൽ നാറ്റോ സഖ്യകക്ഷികൾ അമേരിക്കയ്ക്ക് മതിയായ പിന്തുണ നൽകിയില്ലെന്ന് ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു. “നാം അവർക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുമ്പോൾ, അവർ നമുക്കൊപ്പം നിൽക്കുന്നില്ല. എനിക്ക് അവരുടെ പണമല്ല, മറിച്ച് വിശ്വസ്തതയാണ് (Loyalty) വേണ്ടത്,” എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ വെല്ലുവിളികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമേരിക്കയുടെ തീരുമാനം.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിർദ്ദേശപ്രകാരം യു.എസ് എയർഫോഴ്സ് ജനറൽ അലക്സസ് ഗ്രീൻകെവിച്ചിന്റെ നേതൃത്വത്തിൽ സൈനിക പുനഃപരിശോധന പുരോഗമിക്കുകയാണ്. ഇതിന്റെ അന്തിമ റിപ്പോർട്ട് നവംബർ 6-ന് പ്രതിരോധ സെക്രട്ടറിക്ക് സമർപ്പിക്കും. ഇതിനുശേഷമായിരിക്കും പ്രസിഡന്റ് ട്രംപ് അന്തിമ തീരുമാനമെടുക്കുക. സൈനികരെ പൂർണ്ണമായി പിൻവലിക്കുന്നതിന് പകരം അവരെ റഷ്യൻ അതിർത്തിയോട് ചേർന്നുള്ള നാറ്റോയുടെ കിഴക്കൻ മേഖലകളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.
അമേരിക്കയുടെ ഈ നീക്കം പ്രധാനമായും ബാധിക്കുക ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളെയാണ്. യൂറോപ്പിലെ ഏറ്റവും വലിയ യു.എസ് സൈനിക കേന്ദ്രമായ ജർമ്മനിയിൽ 36,000 സൈനികരാണുള്ളത്. ഇതിൽ നിന്നും 5,000 പേരെ പിൻവലിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇറ്റലിയിൽ 12,000 യു.എസ് സൈനികരുണ്ട്. ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ ഇറ്റലിയും സ്പെയിനും അനുമതി നിഷേധിച്ചത് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചിരുന്നു.
യുക്രെയ്നിൽ റഷ്യൻ അധിനിവേശം ശക്തമായി തുടരുകയും യൂറോപ്പിൽ റഷ്യയുടെ അട്ടിമറി നീക്കങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന ഈ നിർണ്ണായക സമയത്ത് അമേരിക്ക സൈന്യത്തെ പിൻവലിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലും വാഷിംഗ്ടണിലെ ചില ജനപ്രതിനിധികൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Trump-NATO rift deepens: US moves to withdraw 40,000 troops from Europe.















