
ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ മാസപ്പടി, കൈക്കൂലി, ഹവാല ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) സർക്കാർ രൂപം നൽകി. ക്രൈംബ്രാഞ്ച് എഡി.ജി.പി. എച്ച്. വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം. എസ്.പി. വിക്രമനാണ് പ്രധാന അന്വേഷണോദ്യോഗസ്ഥൻ. 3 ഡിവൈ.എസ്.പിമാർ, 5 ഇൻസ്‌പെക്ടർമാർ, സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകും. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പിണറായിക്കെതിരെ കൈക്കൂലി ആരോപണവും വീണയ്ക്കും റിയാസിനും സുഹൃത്തുക്കൾക്കുമെതിരെ 25 കോടിയുടെ ഹവാല ഇടപാടുകളുമാണ് ഇ.ഡി. ആരോപിക്കുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ലാതെ ഇ.ഡി. കൈമാറിയ രേഖകളും തെളിവുകളും കൃത്യമായി പരിശോധിക്കുകയാണ് എസ്.ഐ.ടിയുടെ ആദ്യ ദൗത്യം. അന്വേഷണത്തിന്റെ ഭാഗമായി റിപ്പോർട്ട് സമർപ്പിച്ച ഇ.ഡി. ഉദ്യോഗസ്ഥരുമായി എസ്.ഐ.ടി. കൂടിക്കാഴ്ച നടത്തും. ഹവാല ഇടപാടുകൾ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട പരിശോധനകൾ.
ആരോപണങ്ങളിൽ എടുത്തുചാട്ടമില്ലെന്നും ആരെയും വേട്ടയാടാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരും ഇ.ഡിയും ചേർന്ന് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന രാഷ്ട്രീയ വാദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേസിൽ ഉടനടി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. എസ്.ഐ.ടിയുടെ പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിലും വിജിലൻസ് അന്വേഷണത്തിലും തീരുമാനം കൈക്കൊള്ളുക.
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയാണ് അന്വേഷണം എന്നതിനാൽ ഓരോ നീക്കത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേസെടുത്ത ശേഷം മാത്രമായിരിക്കും പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ ചോദ്യം ചെയ്യുക. മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ് കേസ് അന്വേഷിക്കുന്ന അതേ എസ്.പി. വിക്രമനാണ് ഈ നിർണായക കേസിലും അന്വേഷണ ചുമതല വഹിക്കുന്നത്.
Payoff Case Against Pinarayi Vijayan and Riyas: SIT Formed Under SP Vikraman to Probe Charges














