വിദ്യാഭ്യാസ കച്ചവടത്തിനുള്ള തീരുമാനം, ഉടൻ പിൻവലിക്കണം; സ്വാശ്രയ കോഴ്‌സുകൾക്ക് എൻഒസി ഒഴിവാക്കിയ ഉത്തരവിനെതിരെ പിണറായിയും എസ്എഫ്ഐയും

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ്-സ്വാശ്രയ-സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് നൽകിയിരുന്ന എൻ.ഒ.സി (NOC) നിബന്ധന ഒഴിവാക്കിയ സർക്കാർ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും എസ്.എഫ്.ഐയും രംഗത്ത്. സ്വയംഭരണ പദവിയുടെ മറവിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിനായി തുറന്നുകൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഈ നീക്കം വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറക്കുന്നതാണെന്നും സർക്കുലർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ നടത്തിയ ഈ അട്ടിമറി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഒരുവിധ ആവശ്യകതാ പഠനവും നടത്താതെയും നിലവിലെ റെഗുലേറ്ററി സംവിധാനങ്ങളെ പൂർണ്ണമായി നോക്കുകുത്തിയാക്കിയുമാണ് തോന്നുംപടി കോഴ്‌സുകളും സീറ്റുകളും വർദ്ധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. പ്രവേശന നടപടികൾ പൂർത്തിയായ ശേഷം മാത്രം വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന ഇളവ് മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റുകൾ വിൽക്കാനുള്ള പരസ്യമായ ഒത്താശയാണെന്നും, എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്‌സുകൾ വ്യാപകമാക്കില്ലെന്ന് മുൻപ് നൽകിയ ഉറപ്പുകൾ കാറ്റിൽപ്പറത്തിയാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സ്വാശ്രയ-സ്വയംഭരണ കോളേജുകൾക്ക് അൺഎയ്ഡഡ് കോഴ്‌സുകൾ തുടങ്ങാൻ നൽകിയ വലിയ ഇളവിനെതിരെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയും രൂക്ഷവിമർശനം ഉന്നയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടച്ചരക്കാക്കി മാറ്റുന്ന വിചിത്രമായ ഉത്തരവാണിതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് കുറ്റപ്പെടുത്തി. സ്വകാര്യ മുതലാളിമാരെ പോറ്റി വളർത്താനും അവരിൽ നിന്ന് പണം വാങ്ങാനുമാണ് ഈ നീക്കമെന്നും, തീരുമാനത്തിനെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് എയ്ഡഡ്-സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ ഇനി യഥേഷ്ടം സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ വഴിയൊരുക്കി സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇനിമുതൽ ഇത്തരം കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതിയോ എൻ.ഒ.സിയോ ആവശ്യമില്ലെന്നും, പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം വിവരങ്ങൾ സർക്കാരിനെ അറിയിച്ചാൽ മതിയെന്നുമുള്ള വ്യവസ്ഥയാണ് ഉത്തരവിലുള്ളത്. സ്വാശ്രയ-സ്വയംഭരണ കോളേജ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു ഈ നിർണായക തിരുമാനം.

Pinarayi Vijayan and SFI Slam Government Order Waiving NOC for Self-Financing Courses; Allege Commercialization of Higher Education

Also Read

More Stories from this section

family-dental
witywide