
വാഷിംഗ്ടൺ: അമേരിക്കയിലെ അർക്കൻസാസിൽ കോടികളുടെ ‘പേപാൽ റീഫണ്ട് തട്ടിപ്പ്’ നടത്തിയ കേസിൽ ഇന്ത്യൻ സ്വദേശികളായ യുവാവും യുവതിയും കുറ്റസമ്മതം നടത്തി. ഗുജറാത്ത് സ്വദേശികളായ ഗജേര പ്രശാന്ത്, ധാരാബെൻ ഭവാദിയ എന്നിവരാണ് യുഎസ് കോടതിയിൽ കുറ്റം സമ്മതിച്ചത്. ഇവർക്ക് കോടതി അഞ്ച് വർഷത്തെ സസ്പെൻഡഡ് തടവുശിക്ഷ വിധിച്ചു. ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചതിനാൽ ഇവർക്ക് ഉടനടി ജയിലിൽ പോകേണ്ടി വരില്ല. ഇരകളുടെ പേപാൽ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം അയച്ചിട്ടുണ്ടെന്നും അത് റീഫണ്ട് ചെയ്യണമെന്നും വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ജെൻട്രിയിലെ ഒരു മദ്യഷാപ്പിൽ വെച്ച് 29,500 ഡോളർ (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) കൈപ്പറ്റാൻ രണ്ട് പേർ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെണിയൊരുക്കിയത്. പ്രായമായ ഒരു വ്യക്തിയായി വേഷം മാറിയ അണ്ടർകവർ പൊലീസ് ഉദ്യോഗസ്ഥൻ, വ്യാജ നോട്ടുകൾ അടങ്ങിയ പെട്ടിയുമായി പ്രതികളെ സമീപിക്കുകയായിരുന്നു. ഹൈഫിൽ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഡ്രോൺ നിരീക്ഷണ സഹായത്തോടെയാണ് ജെൻട്രി പൊലീസ് പ്രതികളെ വലയിലാക്കിയത്.
കുറ്റസമ്മതവും വിചിത്രമായ വാദങ്ങളും
അറസ്റ്റിലായ ശേഷം തങ്ങൾ വെറും ഇടനിലക്കാർ മാത്രമാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പണം വാങ്ങാൻ സഹായിക്കാനാണ് ധാരാബെൻ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതിനായി ധാരാബെന്നിന് 300 ഡോളർ കമ്മീഷൻ ലഭിക്കുമെന്നും പ്രശാന്ത് മൊഴി നൽകി. പെട്ടിയിൽ 30,000 ഡോളറോളം ഉണ്ടെന്ന് തനിക്ക് അറിയാമായിരുന്നെന്നും ഇയാൾ സമ്മതിച്ചു.
എന്നാൽ, ഏതാനും ആഴ്ചകൾക്ക് മുൻപ് വസ്ത്രവ്യാപാര ആവശ്യങ്ങൾക്കായി യുഎസിൽ എത്തിയതാണെന്നാണ് ധാരാബെൻ പൊലീസിനോട് പറഞ്ഞത്. ഇന്ത്യയിലുള്ള തൻ്റെ കുടുംബം വലിയ അപകടത്തിലാണെന്നും അവരെ രക്ഷിക്കാൻ വേണ്ടിയാണ് താൻ ഈ തട്ടിപ്പിന് മുതിർന്നതെന്നും ഇവർ വാദിച്ചു. തനിക്ക് പ്രശാന്തിനെ മുൻപരിചയമില്ലെന്നും മറ്റാരുടെയോ നിർദ്ദേശപ്രകാരമാണ് എത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
പ്രതികളിൽ നിന്ന് നാല് മൊബൈൽ ഫോണുകളും നിരവധി വ്യാജ സിം കാർഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങളുടെ വെറും (ഇടനിലക്കാർ) മാത്രമാണ് ഇവരെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
“ഈ തട്ടിപ്പുകാർ തികഞ്ഞ പ്രൊഫഷണലുകളാണ്. ആളുകളെ വിശ്വസിപ്പിക്കാൻ എന്ത് പറയണം, എങ്ങനെ പറയണം എന്ന് അവർക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ആരും ഇവരുടെ കെണിയിൽ വീണുപോകും,” ജെൻട്രി പൊലീസ് ഡിറ്റക്ടീവ് റയാൻ ലോഫ്റ്റസ് മാധ്യമങ്ങളോട് പറഞ്ഞു.
എന്താണ് സസ്പെൻഡഡ് തടവുശിക്ഷ
കോടതി ഒരാൾക്ക് തടവുശിക്ഷ വിധിക്കുകയും, എന്നാൽ ചില നിബന്ധനകളോടെ അത് ഉടനടി നടപ്പാക്കാതെ നിർത്തിവെക്കുകയും ചെയ്യുന്ന രീതിയാണിത്. ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് സാധാരണ ജീവിതം നയിക്കാം. കോടതി ഒരു നിശ്ചിത കാലയളവ് (ഈ കേസിൽ 5 വർഷം) നിശ്ചയിക്കും. ഈ സമയത്ത് പ്രതികൾ പൊലീസിൻ്റെയോ കോടതിയുടെയോ നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണ കാലയളവിൽ പ്രതികൾ ഈ നിബന്ധനകൾ തെറ്റിക്കുകയോ മറ്റൊരു കുറ്റകൃത്യം ചെയ്യുകയോ ചെയ്താൽ, സസ്പെൻഡ് ചെയ്ത പഴയ ശിക്ഷാ കാലാവധി മുഴുവനായി ഇവർ ജയിലിൽ കിടന്ന് അനുഭവിക്കേണ്ടി വരും. സാധാരണയായി ആദ്യമായി കുറ്റം ചെയ്യുന്നവർക്കോ, പ്രതികളുടെ പശ്ചാത്തലം (കുടുംബ സാഹചര്യം, പ്രായം) പരിഗണിച്ചോ ആണ് കോടതികൾ ഇങ്ങനെയുള്ള ഇളവുകൾ നൽകുന്നത്.
‘PayPal fraud’ that shocked America: Indian man and woman arrested; Strange arguments to escape, barely escape prison sentence!














