ആലപ്പുഴ: പുന്നമടക്കായലിൽ ഇന്ന് ആവേശത്തിരകളുമായി ജലമാമാങ്കം. എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. 71 കളിവള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്. 22 ചുണ്ടന്‍ വള്ളങ്ങളുമുണ്ട്. ഓടി, തെക്കനോടി, വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ വള്ളങ്ങളുടെ മത്സരം രാവിലെ ആരംഭിക്കും.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് 6 ഹീറ്റ്‌സിലായി ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം നടക്കുന്നത്. 25 ലക്ഷം രൂപയാണ് ഇത്തവണ വിജയിക്കുന്ന ചുണ്ടന് സമ്മാനമായി ലഭിക്കുക. വീയ്യപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്‍. കനത്ത പോലീസ് സുരക്ഷയിൽ നടക്കുന്ന മത്സരം കാണാൻ 2 ലക്ഷത്തിലധികം ആളുകള്‍ എത്തുമെന്നാണ് കണക്കുകൾ.
നെഹ്‌റു ട്രോഫി; പേര് വന്ന വഴി
നെഹ്‌റു ട്രോഫി വള്ളംകളിക്ക് ആ പേര് വന്നതിന് പിന്നില്‍ ആവേശകരമായ ഒരു കഥയുണ്ട്. 1952ല്‍ പ്രധാനമന്ത്രിയായിരിക്കെ കേരളത്തിലെത്തിയ നെഹ്‌റു ആലപ്പുഴ സന്ദര്‍ശിച്ചപ്പോൾ അന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ തയ്യാറാക്കിയ സാംസ്‌കാരിക പരിപാടികളില്‍ ഒന്നായിരുന്നു വള്ളം കളിയും. നെഹ്റുവിന് പാമ്പിന്റെ രൂപത്തോട് സാദൃശ്യമുള്ള ചുണ്ടന്‍ വള്ളങ്ങളും ചുണ്ടന്‍ വള്ളങ്ങളുടെ ഇഞ്ചോടിഞ്ച് മത്സരവും കൗതുകവും ആവേശഭരിതവുമായി.
ആ മത്സരത്തിൽ നടുഭാഗം ചുണ്ടനാണ് അന്ന് വിജയിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയായതുകൊണ്ടു തന്നെ അതില്‍ വിജയികളോ, സമ്മാനമോ ഉണ്ടായിരുന്നില്ല. എന്നാൽ, ആവേശം അടക്കാനാകാതെ,നെഹ്‌റു ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറിയത് നടുഭാഗം ചുണ്ടനു ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു.
പിന്നീട് ഡൽഹിയിലെത്തി തന്റെ കയ്യൊപ്പോടെ ചുണ്ടന്‍ വള്ളത്തിന്റെ രുപമുള്ള ഒരു വെള്ളിക്കപ്പ് അദ്ദേഹം വിജയികള്‍ക്കായി കേരളത്തിലേക്കയച്ചു. നെഹ്‌റുവിനെ പോലെ ഒരു വലിയ നേതാവിനെ ആഹ്ലാദിപ്പിച്ച ആ മത്സരം തുടർന്ന് എല്ലാവര്‍ഷവും സംഘടിപ്പിക്കുകയും മത്സരത്തിന് നെഹ്‌റു ട്രോഫി വള്ളംകളി എന്നു പേരിടുകയുമായിരുന്നു.
The 72nd Nehru Trophy Boat Race takes place today on Punnamada Lake.














