
എഡ്മന്റൺ: കാനഡയിലെ എഡ്മൻ്റണിലുള്ള പ്രശസ്തമായ നാനാക്സർ ഗുരുദ്വാരയ്ക്കുള്ളിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പ്രാർത്ഥനാ ഹാളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച അക്രമിയെ തടയുന്നതിനിടയിലാണ് ഗുരുദ്വാരയിലെ ജീവനക്കാർക്കും വിശ്വാസികൾക്കും കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 27 വയസ്സുകാരനായ പ്രതിയെ പൊലീസ് സംഭവസ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തു.
ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ശിക്ഷ കഴിഞ്ഞ്, വ്യാഴാഴ്ച (ആക്രമണത്തിന്റെ തലേദിവസം) മാത്രമാണ് പ്രതി അൽബെർട്ടയിലെ ഫെഡറൽ ജയിലിൽ നിന്ന് മോചിതനായതെന്ന് എഡ്മന്റൺ പൊലീസ് അറിയിച്ചു. ജയിൽ മോചിതനായ ശേഷം നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന പ്രതി അവിടെ എത്തിയിരുന്നില്ല. 2015 മുതൽ നിരവധി അക്രമക്കേസുകളിൽ പ്രതിയായ ഇയാൾക്ക് കടുത്ത ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ആക്ടിംഗ് ഇൻസ്പെക്ടർ എറിക് സ്റ്റുവാർട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ 4:49-ഓടെ പ്രതി ഹൈവേയിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ അഞ്ചുമണിയോടെയാണ് ഗുരുദ്വാരയ്ക്കുള്ളിൽ അക്രമം നടക്കുന്നതായി സന്ദേശം ലഭിക്കുന്നത്. പ്രതി പ്രാർത്ഥനാ ഹാളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ തടഞ്ഞു. തുടർന്നുണ്ടായ തർക്കത്തിനിടയിലാണ് 75-ഉം 51-ഉം വയസ്സുള്ള രണ്ട് പേർക്ക് കുത്തേറ്റത്. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റ് വിശ്വാസികൾ സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തി പൊലീസിലേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ വംശീയമോ മതപരമോ ആയ വിദ്വേഷമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കാനഡയിൽ സിഖ് സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവമെന്ന് ‘വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ’ പ്രതികരിച്ചു. ആക്രമണത്തിനിടയിൽ ഗുരുദ്വാരയിലെ സിഖ് വിശുദ്ധ ഗ്രന്ഥം അക്രമി അപമാനിച്ചതായും സംഘടന ആരോപിച്ചു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ചീഫ് വാറൻ ഡ്രീച്ചൽ അറിയിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി ഗുരുദ്വാര താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
ഗുരുദ്വാരയിലുണ്ടായ ആക്രമണം അങ്ങേയറ്റം ദാരുണമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. പരിക്കേറ്റവർക്കും സിഖ് സമൂഹത്തിനും അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിൽ ആർക്കും സുരക്ഷിതത്വമില്ലായ്മ തോന്നരുതെന്നും, പെട്ടെന്ന് നടപടിയെടുത്ത പൊലീസിന് നന്ദി പറയുന്നതായും അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാനഡയിലെ കാൽഗറിയിലുള്ള രണ്ട് ഗുരുദ്വാരകൾക്ക് നേരെയും ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു.
24 hours after being released from prison; 27-year-old man causes bloodshed at a gurdwara in Canada; Sikh community in shock














