ഈ വമ്പൻ തുക കൊണ്ട് യുദ്ധച്ചെലവ് കൊണ്ട് 8.7 കോടി മനുഷ്യജീവനുകൾ രക്ഷിക്കാമായിരുന്നു; യുഎസ് നിലപാടിനെതിരെ ഐക്യരാഷ്ട്രസഭ

ജനീവ: ഇറാൻ യുദ്ധത്തിനായി അമേരിക്ക ചിലവഴിക്കുന്ന ഭീമമായ തുക ലോകത്തെ എട്ടരക്കോടിയിലധികം ജനങ്ങളുടെ ജീവിതം കരുപിടിപ്പിക്കാൻ പര്യാപ്തമായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏകോപന വിഭാഗം മേധാവി ടോം ഫ്ലെച്ചർ. യുദ്ധം ആരംഭിച്ചത് മുതൽ ഏകദേശം 25 ബില്യൺ ഡോളർ ഇതിനകം ചിലവായെന്നാണ് പെന്റഗണിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥ ചിലവ് ഇതിലും എത്രയോ മുകളിലാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലോകമെമ്പാടുമുള്ള 8.7 കോടി ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി 2026 വർഷത്തേക്ക് ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്ത പദ്ധതിക്ക് ആകെ വേണ്ടിവരുന്നത് 23 ബില്യൺ ഡോളറാണെന്ന് ടോം ഫ്ലെച്ചർ ചൂണ്ടിക്കാട്ടി. ഒരു വശത്ത് കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള പദ്ധതികൾ ഫണ്ടിന്റെ കുറവ് മൂലം പ്രതിസന്ധി നേരിടുമ്പോൾ, മറുവശത്ത് അതിലും വലിയ തുക ഒരു യുദ്ധത്തിനായി വിനിയോഗിക്കപ്പെടുന്നത് വൈരുദ്ധ്യമാണെന്ന് അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ 23 ബില്യൺ ഡോളർ ലഭ്യമായിരുന്നെങ്കിൽ ഈ വർഷം ലക്ഷ്യമിട്ട മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങളും സുഗമമായി നടപ്പിലാക്കാൻ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധത്തിന് ചിലവാക്കുന്ന പണവും മാനുഷിക പരിഗണനകൾക്കായി മാറ്റിവെക്കുന്ന പണവും തമ്മിലുള്ള വലിയ വ്യത്യാസം ലോകരാജ്യങ്ങൾ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻശക്തി രാജ്യങ്ങളുടെ യുദ്ധക്കൊതി സാധാരണ മനുഷ്യരുടെ അതിജീവനത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർച്ചിത്രമാണ് യുഎൻ ഉദ്യോഗസ്ഥന്റെ ഈ വാക്കുകൾ.

More Stories from this section

family-dental
witywide