യു.എസ് സൈനിക നടപടിയിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 153 സാധാരണക്കാർ; ഔദ്യോഗികമായി സ്ഥിരീകരിച്ച് പെൻ്റഗൺ

വാഷിംഗ്ടൺ: കഴിഞ്ഞ വർഷം യുണൈറ്റഡ് സ്റ്റേറ്റ്സ് നടത്തിയ വിവിധ സൈനിക നീക്കങ്ങളിൽ 150-ലധികം നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പെൻ്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യെമനിൽ യു.എസ് സൈന്യം നടത്തിയ മൂന്ന് വൻ വ്യോമാക്രമണങ്ങളിലാണ് ഇത്രയും ജനങ്ങൾ കൊല്ലപ്പെട്ടതെന്ന് തിങ്കളാഴ്ച രാത്രി കോൺഗ്രസിന് സമർപ്പിച്ച ‘1057’ വാർഷിക റിപ്പോർട്ടിൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ അനുകൂല ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ തടയാൻ കഴിഞ്ഞ വർഷം മാർച്ച് മുതൽ മെയ് വരെ യു.എസ് നടത്തിയ ‘ഓപ്പറേഷൻ റഫ് റൈഡർ’ എന്ന സൈനിക കാമ്പെയ്നിലാണ് ഈ ദുരന്തമുണ്ടായത്. റിപ്പോർട്ട് പ്രകാരം ഏപ്രിൽ 6-ന് സനായിൽ അഞ്ച് പേരും, ഏപ്രിൽ 17-ന് റാസ് ഈസ തുറമുഖത്തിന് സമീപം 80 പേരും, ഏപ്രിൽ 28-ന് സാദയിലുണ്ടായ ആക്രമണത്തിൽ 68 സാധാരണക്കാരും കൊല്ലപ്പെട്ടു. എന്നാൽ, ദുരന്ത ഭൂമികൾ നേരിട്ട് സന്ദർശിക്കാതെ ഉപഗ്രഹ ചിത്രങ്ങളും ഇൻ്റലിജൻസ് വിവരങ്ങളും മാത്രം ആശ്രയിച്ചാണ് പെൻ്റഗൺ ഈ കണക്കുകൾ തയ്യാറാക്കിയതെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

യു.എസിൻ്റെ ഔദ്യോഗിക കണക്കുകൾ 153 ആണെങ്കിലും, യുദ്ധങ്ങളിലെ സാധാരണക്കാരുടെ നാശനഷ്ടങ്ങൾ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘എയർവാർസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം യെമനിൽ മാത്രം കുറഞ്ഞത് 258 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്ത മറ്റ് 15 ആക്രമണങ്ങളെക്കുറിച്ച് സൈന്യം ഇപ്പോഴും അന്വേഷണം നടത്തിവരികയാണ്. കൂടാതെ കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും വച്ച് മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ബോട്ട് ആക്രമണങ്ങളിലെ മരണങ്ങൾ പെന്റഗൺ ഈ റിപ്പോർട്ടിൽ ബോധപൂർവ്വം മറച്ചുവെച്ചതായും ആരോപണമുണ്ട്. ഇവിടെ കഴിഞ്ഞ വർഷം 120 പേരും ഈ വർഷം ഇതുവരെ 95 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. വിചാരണ കൂടാതെ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിൻ്റെ വിവാദപരമായ തീരുമാനങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം. സൈനിക നടപടികളിൽ നിയമപരമായ വശങ്ങൾ നോക്കുന്നതിനേക്കാൾ ശത്രുക്കളെ പരമാവധി ഇല്ലാതാക്കുന്ന ‘ആക്രമണ വീര്യത്തിനാണ്’ താൻ മുൻഗണന നൽകുന്നതെന്ന് ഹെഗ്‌സെറ്റ് വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി സൈനിക ആക്രമണങ്ങളിൽ സാധാരണക്കാരുടെ മരണം ഒഴിവാക്കാനായി പെൻ്റഗൺ രൂപീകരിച്ചിരുന്ന ‘സിവിലിയൻ പ്രൊട്ടക്ഷൻ സെൻ്റർ ഓഫ് എക്സലൻസ്’ എന്ന വിഭാഗത്തിൻ്റെ ബഡ്ജറ്റും ജീവനക്കാരുടെ എണ്ണവും 90 ശതമാനത്തോളം വെട്ടിക്കുറച്ചു.

മുമ്പ് 40 ജീവനക്കാരുണ്ടായിരുന്ന ഓഫീസിൽ ഇപ്പോൾ വെറും 9 പേർ മാത്രമാണുള്ളത്. 2026-ലെ പുതിയ ബഡ്ജറ്റിൽ ഈ സുരക്ഷാ പ്രോഗ്രാം തന്നെ പൂർണ്ണമായി നിർത്തലാക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. കൃത്യമായ ഫണ്ടിംഗ് ലഭിക്കാത്തതിനെ തുടർന്ന് ഈ മേഖലയിലെ പ്രമുഖ വിദഗ്ദ്ധരെല്ലാം ജോലി ഉപേക്ഷിച്ചു പോയതായും ഡിഫൻസ് ഇൻസ്പെക്ടർ ജനറലിൻ്റെ റിപ്പോർട്ട് ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യം പിൻവാങ്ങിയതിനുശേഷം 2023-ലും 2024-ലും സാധാരണക്കാരുടെ മരണസംഖ്യ യഥാക്രമം ഒന്നും രണ്ടും മാത്രമായി ചുരുങ്ങിയിരുന്നു. എന്നാൽ പുതിയ യുദ്ധനയങ്ങളോടെ യു.എസ് സൈന്യത്തിൻ്റെ കൈകളാൽ നിരപരാധികൾ കൊല്ലപ്പെടുന്നത് വീണ്ടും കുത്തനെ ഉയരുകയാണ്.

Pentagon officially confirms 153 civilians killed in US military action in Yemen last year

More Stories from this section

family-dental
witywide