മിനിയപോളിസിൽ ഐസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യുവതി മരിച്ച സംഭവം; യുഎസ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സിവിൽ ഹർജിയുമായി കുടുംബം

മിനിയപൊളിസ്: കഴിഞ്ഞ ജനുവരിയിൽ മിനിയപോളിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് റെനി ഗുഡ് കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഫെഡറൽ സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സിവിൽ ഹർജികൾ ഫയൽ ചെയ്ത് കുടുംബം. ഐസ് ഉദ്യോഗസ്ഥനായ ജോനാഥൻ റോസിന്റെ വെടിയേറ്റാണ് റെനി ഗുഡ് കൊല്ലപ്പെട്ടത്. കേസിൽ സമർപ്പിച്ചിരിക്കുന്ന ആദ്യ ഹർജിയിൽ അമേരിക്കൻ സർക്കാരിനെ പ്രതിയാക്കി മിനസോട്ട സംസ്ഥാന നിയമപ്രകാരം അന്യായമായ മരണത്തിനും, കടന്നാക്രമണം, അനധികൃത തടഞ്ഞുവെക്കൽ, കടുത്ത മാനസിക പീഡനം, ഗുരുതരമായ വീഴ്ച എന്നിവയ്ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

വെടിവെപ്പ് നടത്തിയ ഏജന്റ് ജോനാഥൻ റോസ്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ, മുൻ ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എന്നിവരെ പ്രതിയാക്കിയാണ് രണ്ടാമത്തെ ഹർജി നൽകിയിട്ടുള്ളത്. പൗരാവകാശങ്ങൾ ലംഘിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരും ഫെഡറൽ ഏജന്റുകളും ഗൂഢാലോചന നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു.

സൊമാലിയൻ, ഹിസ്പാനിക് സമൂഹങ്ങളെയും അവരുടെ പിന്തുണക്കാരെയും ലക്ഷ്യമിട്ട് വംശീയ വിവേചനത്തോടെയുള്ള നടപടികളാണ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായതെന്നും കുടുംബം കോടതിയിൽ ചൂണ്ടിക്കാട്ടി. ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തുന്ന വെടിവെപ്പുകളെക്കുറിച്ച് യുഎസ് കോൺഗ്രസിന് മുൻപാകെ റെനി ഗുഡിന്റെ അമ്മയും സഹോദരനും മൊഴി നൽകി ദിവസങ്ങൾക്കുള്ളിലാണ് ഭരണകൂടത്തിനെതിരെ കടുത്ത നിയമനടപടികളുമായി കുടുംബം രംഗത്തെത്തിയത്.

More Stories from this section

family-dental
witywide