തീവ്രവാദ ബന്ധമുണ്ടോ? ഫ്ലൈ ദുബായ് സംഭവത്തിൽ സൗദി അന്വേഷണം നടത്തും; ശേഷം ഒമാൻ പൈലറ്റിനെ യുഎഇക്ക് കൈമാറും

റിയാദ്: ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ രണ്ടുഘട്ടമായി അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. സംഭവം നടന്ന സൗദി അറേബ്യയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം അക്രമിയായ ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ യു.എ.ഇക്ക് കൈമാറുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദ ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. പൈലറ്റിനെ വിട്ടുനൽകിയ ശേഷം സംഭവത്തിൽ യു.എ.ഇ വിശദമായ അന്വേഷണം നടത്തും.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പബ്ലിക് പ്രോസിക്യൂഷൻ സംഘത്തെ ചുമതലപ്പെടുത്തിയതായി യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയെ ഉദ്ധരിച്ച് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിന് തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടോ എന്നും കൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നും പ്രത്യേകമായി പരിശോധിക്കും. യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത വിമാനമായതിനാലാണ് രണ്ടാമത്തെ അന്വേഷണം യു.എ.ഇ നടത്തുന്നത്.

ദുബായിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് എഫ്.ഇ.സെഡ് 1073 വിമാനത്തിലാണ് ബുധനാഴ്ച സംഭവം അരങ്ങേറിയത്. ഒമാനി സ്വദേശിയായ സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ വിമാനം ഇടിച്ചിറക്കാനും ആത്മഹത്യക്കും ശ്രമിച്ചതായാണ് വിവരങ്ങൾ.

ആക്രമണത്തെ തുടർന്ന് മുപ്പതിനായിരം അടി ഉയരത്തിൽ പറന്നിരുന്ന വിമാനം പെട്ടെന്ന് പതിനായിരത്തിലധികം അടി താഴേക്ക് പതിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ സഹപൈലറ്റിന്റെ നീക്കങ്ങളെ പ്രതിരോധിച്ചു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്തുകയും വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്ത് സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു.

Saudi Arabia and UAE to Conduct Two-Stage Probe into Flydubai Cockpit Incident

More Stories from this section

family-dental
witywide