ഇറാനെതിരായ ആക്രമണം എഐ ഡാറ്റ അടിസ്ഥാനമാക്കി, യുഎസ്-ഇസ്രായേൽ പദ്ധതികളെല്ലാം തകർത്തുവെന്ന് പ്രസിഡന്‍റ് പെസെഷ്കിയാൻ

ടെഹ്റാൻ: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ നിർമ്മിത ബുദ്ധി വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. ടെഹ്‌റാൻ സർവകലാശാലയിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഇറാനെ പട്ടിണിയിലേക്കും കൊള്ളയിലേക്കും സാമൂഹിക അരാജകത്വത്തിലേക്കും തള്ളിവിടാനുമാണ് ശത്രുരാജ്യങ്ങൾ ശ്രമിച്ചതെന്ന് പെസെഷ്കിയാൻ ചൂണ്ടിക്കാട്ടി. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റകൾ, ചാര ശൃംഖലകൾ, കൂലിപ്പടയാളികൾ, രാജ്യത്തിനകത്തുള്ള അവരുടെ ഏജന്റുമാർ എന്നിവരെ അടിസ്ഥാനമാക്കി ശത്രുക്കൾ നടത്തിയ മുഴുവൻ കണക്കുകൂട്ടലുകളും തന്ത്രങ്ങളും ഒന്നിനുപുറകെ ഒന്നായി പരാജയപ്പെടുത്താൻ ഇറാന് സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാനെ സാമ്പത്തികമായി സമ്മർദത്തിലാക്കി കരാറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് തള്ളി ഇസ്രയേൽ വീണ്ടും ഇറാനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും വ്യക്തമാക്കി.

ഇറാനെതിരായ ആക്രമണത്തിന്റെ തീവ്രത കുറച്ച് സാമ്പത്തിക സമ്മർദം ചെലുത്തി ടെഹ്‌റാനെ കരാറിന് നിർബന്ധിതമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അമേരിക്കയുടെ പൂർണ പിന്തുണ ഉറപ്പാകാതെ തന്നെ ഇറാനെതിരെ സൈനിക നടപടി തുടരാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായാണ് സൂചന. ഗാസയിലെ സമാധാന പദ്ധതിയിലും ട്രംപിന്റെ നിലപാടിനോട് നെതന്യാഹുവിന് വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide