
ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് പിണറായി വിജയന് ഫ്ലൈറ്റ് മിസ്സായി. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കായിരുന്നു അദ്ദേഹം പോകേണ്ടിയിരുന്നത്. വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാൻ അദ്ദേഹത്തിന് സാധിച്ചില്ല. വിഐപി ലോഞ്ചിൽ ഇരുന്ന അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതാണ് കനത്ത ആശയക്കുഴപ്പത്തിനും തുടർന്ന് യാത്ര മുടങ്ങുന്നതിനും കാരണമായതെന്നാണ് വിവരം.
കേരള ഹൗസിൽ നിന്നുള്ള ഉദ്യോഗസ്ഥരും പിണറായി വിജയനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. യാത്ര മുടങ്ങിയതിനെ തുടർന്ന് നിലവിൽ അദ്ദേഹം ഡൽഹിയിൽ തന്നെ തുടരുകയാണ്. വൈകുന്നേരത്തെ അടുത്ത വിമാനത്തിൽ അദ്ദേഹം കോഴിക്കോടേക്ക് പുറപ്പെടുമെന്നാണ് വിവരം. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി വ്യാഴാഴ്ചയാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. യോഗം കഴിഞ്ഞ് ഇന്ന് മടങ്ങാനിരിക്കെയാണ് വിമാനയാത്ര മുടങ്ങിയത്.
Pinarayi Vijayan misses flight to Kerala from Delhi due to confusion at VIP lounge











