
കാസർകോട്: എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. വരുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് കാസർകോട് തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇവരുടെ രജിസ്റ്റർ വിവാഹം നടക്കുക. സാമൂഹിക മാധ്യമങ്ങളിൽ ഇരുവരും വളരെ സജീവമാണെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇരുവരും ഇതുവരെ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല.
ക്യാമ്പസ് രാഷ്ട്രീയ കാലത്തെ ദീർഘനാളത്തെ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ എറണാകുളം മഹാരാജാസ് കോളേജിലെ മുൻ വിദ്യാർത്ഥിയാണ്. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നുണ്ട്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ കാലടി സംസ്‌കൃത സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ്. കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട രണ്ട് വ്യക്തിത്വങ്ങളാണ് ആർഷോയും വിദ്യയും.
കോളേജ് അധ്യാപനത്തിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതിനെ തുടർന്ന് കെ. വിദ്യ മുൻപ് വലിയ രീതിയിലുള്ള നിയമനടപടികളും രാഷ്ട്രീയ വിമർശനങ്ങളും നേരിട്ടിരുന്നു. മഹാരാജാസ് കോളേജിലെ പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് പി.എം. ആർഷോയുടെ പേരും മുൻപ് മാധ്യമങ്ങളിൽ സജീവമായി നിറഞ്ഞുനിന്നിരുന്നു. വിവാദങ്ങൾക്കൊടുവിൽ ഇരുവരും ഒരുമിക്കാൻ തീരുമാനിച്ച വാർത്ത രാഷ്ട്രീയ കേന്ദ്രങ്ങളിലും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. തികച്ചും ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം നടക്കുക
PM Arsho and K. Vidya get married














