
തലശ്ശേരി: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിനെ തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വിട്ടയച്ചു. എന്നാൽ കോടതി ഉത്തരവിന് പിന്നാലെ കോടതി വളപ്പിൽ വെച്ച് തന്നെ വലിയ ബലപ്രയോഗത്തിലൂടെ ക്രൈം ബ്രാഞ്ച് സംഘം റാമിനെ വീണ്ടും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ചിന്റെ ഈ നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം പിന്നിടുമ്പോഴാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴിയുകയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ രാത്രി പിടികൂടിയത്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതി താടി വെച്ച് രൂപം മാറി ആന്ധ്രാപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ രണ്ട് സഹായികൾക്കൊപ്പം കുടകിലേക്ക് മാറിയത്.
അതേസമയം, നിതിൻ രാജിനെ താൻ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് ഡോ. റാം അന്വേഷണ സംഘത്തിന് നൽകിയ മൊഴി. വകുപ്പ് മേധാവി എന്ന നിലയിൽ പഠനത്തിൽ പിന്നിലായ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നത് മാത്രമാണ് വസ്തുതയെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും പ്രതി അവകാശപ്പെട്ടു. മുൻപ് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ഡോ. റാമിനെ വീണ്ടും കസ്റ്റഡിയിൽ എടുത്തതോടെ കേസിൽ വരും ദിവസങ്ങളിലും നാടകീയമായ നിയമപോരാട്ടങ്ങൾ തുടരുമെന്നാണ് സൂചന.
Nithin Raj Suicide Case: High Drama in Court as Crime Branch Re-arrests Dr. Ram Minutes After Release










