തൃശൂർ മുണ്ടത്തിക്കോട്ടുണ്ടായ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. അപകടത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അപകടവാർത്ത അത്യന്തം വേദനാജനകമാണെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. പൂരം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് കരുത്ത് ലഭിക്കട്ടെയെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രിയങ്കാ ഗാന്ധി ആശംസിച്ചു. തൃശൂരിലെ ദുരന്തത്തിന്റെ വ്യാപ്തി ഹൃദയഭേദകമാണെന്നും ദുരിതബാധിതർക്കൊപ്പം നിൽക്കുന്നുവെന്നും അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
PM Modi announces ex-gratia for Thrissur explosion victims; Rahul and Priyanka express grief










