മലയാളക്കരക്ക് അഭിമാനം, പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി, കുടുംബത്തിനൊപ്പം സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി, വെള്ളാപ്പള്ളിയടക്കം പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മഭൂഷൺ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മമ്മൂട്ടിക്കൊപ്പം മകനും നടനുമായ ദുൽഖർ സൽമാൻ, ഭാര്യ സുൽഫത്ത്, മകൾ സുറുമി എന്നിവരും ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് ആവേശത്തോടെ കൈയടിക്കുന്ന ദുൽഖർ സൽമാന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി പുരസ്കാരം വാങ്ങാനായി രാഷ്ട്രപതിക്കരികിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ സന്തതസഹചാരിയും നിർമാതാവുമായ എസ്. ജോർജ്, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സദസ്സിലുണ്ടായിരുന്നു. ഇതിന് മുൻപ് 1998-ൽ രാജ്യം മമ്മൂട്ടിയെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പത്മഭൂഷൺ തിളക്കം താരത്തെ തേടിയെത്തുന്നത്.

പത്മ ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമ്മൂട്ടിയും കുടുംബവും പ്രത്യേക കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. “പത്മ ചടങ്ങുകൾക്ക് ശേഷം പ്രശസ്ത നടൻ മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടു” എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മകൾ സുറുമിയും പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്കാരങ്ങളും ഏഴ് പുരസ്കാരങ്ങളുൾപ്പെടെ 10 സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുള്ള മമ്മൂട്ടിയുടെ കരിയറിലെ സുവർണ്ണ അധ്യായമായി ഈ പത്മഭൂഷൺ ലബ്ധി മാറി. ഇതേ ചടങ്ങിൽ വെച്ച് പത്മവിഭൂഷൺ ജേതാക്കളായ ജസ്റ്റിസ് കെ.ടി. തോമസും പി. നാരായണനും ബഹുമതികൾ ഏറ്റുവാങ്ങി. മമ്മൂട്ടിക്കൊപ്പം പത്മഭൂഷണ്‌ അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രശസ്ത ഗായിക അൽക യാഗ്നിക്കിനും രാഷ്ട്രപതി ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിച്ചു.

Pride of Kerala: Megastar Mammootty Receives Padma Bhushan Award From President Droupadi Murmu

More Stories from this section

family-dental
witywide