സെയ്ഷെൽസിന്റെ പരമോന്നത ബഹുമതി ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ നരേന്ദ്ര മോദിക്ക്; ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ കരാറുകൾ ഒപ്പുവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്ഷെൽസ് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകൾക്കുമുള്ള ആദരവായാണ് ഈ പുരസ്കാരം നൽകിയത്. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികൾക്കും ആഗോള സുസ്ഥിര വളർച്ചയ്ക്കുള്ള ശ്രമങ്ങൾക്കും ലഭിച്ച ഈ അംഗീകാരം, അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സമാനമായ നിരവധി പുരസ്കാരങ്ങളുടെ തുടർച്ചയാണ്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചതിനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO) 2026 മേയിൽ അദ്ദേഹത്തിന് ‘അഗ്രിക്കോള മെഡൽ’ നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2018-ൽ സിയോൾ സമാധാന പുരസ്കാരവും ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരവും നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തിയ പ്രധാനമന്ത്രി, സെയ്ഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് നാലിനാണ് ഈ നിർണ്ണായക അഭിസംബോധന നിശ്ചയിച്ചിരിക്കുന്നത്. സന്ദർശനത്തിനിടെ സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള വിവിധ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സെയ്ഷെൽസിന് സമുദ്ര പട്രോളിംഗിനായുള്ള അത്യാധുനിക കപ്പൽ ഇന്ത്യ കൈമാറി. സെയ്ഷെൽസ് പ്രസിഡന്റിനൊപ്പം ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ച പ്രധാനമന്ത്രി അവിടെ വൃക്ഷത്തൈ നടുകയും ചെയ്തു.

സെയ്ഷെൽസിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഉൾപ്പെടെ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. ഇന്ന് രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന സെയ്ഷെൽസ് ദേശീയദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് സെയ്ഷെൽസിലെ ഇന്ത്യൻ വംശജർ ഒരുക്കുന്ന പ്രത്യേക സ്വീകരണ ചടങ്ങിലും അദ്ദേഹം ഭാഗമാകും. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നാളെ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി, അടുത്തയാഴ്ച ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും സന്ദർശനം നടത്തും.

Seychelles Confers Its Highest Honour ‘Guardian of the Blue Horizon’ on PM Narendra Modi During Official Visit

Also Read

More Stories from this section

family-dental
witywide