തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പേ മുഖ്യമന്ത്രി ആരാകുമെന്ന കോൺഗ്രസ് പ്രവർത്തകരുടെ വാദപ്രതിവാദങ്ങളിൽ പ്രതികരണവുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കുന്നത് ആദ്യത്തെ സംഭവമല്ല. കേരളത്തിൽ മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. താൻ അതിനെ ന്യായീകരിക്കുകയല്ല. പക്ഷെ ഈ ചർച്ച പ്രവർത്തകരെ നിരാശരാക്കും. നിലവിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ച ലീഗ് നടത്തിയിട്ടില്ലെന്നും കോൺഗ്രസ് ഹൈക്കമന്റിന്റെ അഭിപ്രായത്തിനൊപ്പം ലീഗ് നിൽക്കുമെന്നും പി എം എ സലാം മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊരി വെയിലത്ത് പ്രവർത്തിച്ച ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ചെയ്‌ത ത്യാഗത്തെ വിസ്മരിക്കലാണ് ഇത്തരം ചർച്ചകൾ. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടേണ്ണി കഴിയണം, ഭൂരിപക്ഷം കിട്ടണം. യുഡിഎഫിൽ നടക്കുന്ന ചർച്ച പുറത്തുവിടുന്നത് ഉചിതമായ നടപടിയല്ല. വോട്ടർമാർക്കിടയിലും യുഡിഎഫ് പ്രവർത്തകർക്കിടയിലെ നൈരാശ്യം ഉണ്ടാകുന്ന പ്രവർത്തനങ്ങളിലേക്ക് നേതാക്കൾ പോകരുത് ഇത് ശെരിയല്ലെന്നാണ് ലീഗിന്റെ പൊതു അഭിപ്രായമെന്നും പി എം എ സലാം പറഞ്ഞു.
യുഡിഎഫിന് ഭരണം കിട്ടുമെന്ന് ഉറപ്പാണ് പക്ഷെ ഇതൊക്കെ പൊതു സമൂഹത്തിലേക്ക് ഇടുന്നത് എന്തിനാണെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്. ലീഗ് സമചിത്തതയോടുകൂടി മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ആലോചിക്കുന്നുള്ളൂ. അടുത്ത ദിവസം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് യോഗം ചേരുമെന്നും താഴെ തട്ടിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ വിശകലനം ചെയ്യുമെന്നും പി എം എ സലാം കൂട്ടിച്ചേർത്തു.
PMA Salam says it is not the first time that someone who did not contest the election has been made the Chief Minister













