സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാരിൻ്റെ കന്നി ബജറ്റ് ഇന്ന്; ഒൻപത് മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശനാണ് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. മുൻ ഇടത് സർക്കാർ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ കാതലായ ഭേദഗതികൾ വരുത്തി, പുതിയ സർക്കാരിന്റെ വികസന നയങ്ങൾ വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങളോടെയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്.

‘സദ്ഭരണം, സഹാനുഭൂതി’ എന്ന പ്രമേയത്തിലൂന്നിയാണ് ബജറ്റ് അവതരിപ്പിക്കുക. ആർ. ശങ്കർ, ഉമ്മൻ ചാണ്ടി എന്നിവർക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടവും ഇതോടെ വി.ഡി സതീശന് സ്വന്തമാകും. സംസ്ഥാനത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തിയെന്നും ധനസ്ഥിതി അതീവ ഗുരുതരമാണെന്നും വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക അച്ചടക്ക പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യുഡിഎഫ് മുന്നോട്ടുവെച്ച ‘ഇന്ദിര ഗ്യാരന്റി’ പദ്ധതികളുടെ നടപ്പാക്കൽ, നികുതി ചോർച്ച തടഞ്ഞ് തനത് വരുമാനം വർദ്ധിപ്പിക്കൽ, ക്ഷേമ പെൻഷനുകളുടെ കുടിശ്ശിക തീർക്കൽ എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന ലഭിച്ചേക്കും. സർക്കാർ ജീവനക്കാരുടെ ഡി.എ (DA) കുടിശ്ശിക, വിഴിഞ്ഞം അടക്കമുള്ള വൻകിട പദ്ധതികൾ, കിഫ്ബി (KIIFB) എന്നിവയിൽ പുതിയ സർക്കാരിന്റെ നിലപാടും ഇന്നറിയാം. ബജറ്റ് അവതരണത്തിന് ശേഷം ജൂൺ 22 മുതൽ മൂന്ന് ദിവസങ്ങളിൽ സഭയിൽ പൊതുചർച്ച നടക്കും.

The maiden budget of the new UDF government in the state is today; Chief Minister V.D. Satheesan will present it in the assembly at 9 am.

More Stories from this section

family-dental
witywide