ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്തു; ബെംഗളൂരുവിൽ പ്രമുഖ മലയാളി ഹോട്ടൽ പൂട്ടിച്ച് പൊലീസ്, രണ്ട് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: ആട്ടിറച്ചി വിഭവങ്ങളെന്ന വ്യാജേന ഉപഭോക്താക്കൾക്ക് പോത്തിറച്ചി നൽകിയ മലയാളി ഹോട്ടൽ ബെംഗളൂരു പൊലീസ് അടപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരായ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി ജിജു അലക്സാണ്ടർ (45), എറണാകുളം സ്വദേശി ഷിബു കെ.ബി (43) എന്നിവരാണ് അവലഹള്ളി പൊലീസിൻ്റെ പിടിയിലായത്. കേസിൽ ഉൾപ്പെട്ട അഭിലാഷ് എന്ന മറ്റൊരു പങ്കാളിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരു ഔട്ടർ റിങ് റോഡിന് സമീപം ബൊമ്മനഹള്ളി ബുദിഗെരെ ക്രോസിലെ ‘ഇസിരി ഹബ്ബിൽ’ പ്രവർത്തിക്കുന്ന കായലോരം റെസ്റ്റോറൻ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. കഴിഞ്ഞ 18 മാസമായി ഇവിടെ പ്രവർത്തിക്കുന്ന ഹോട്ടലാണിത്.

ഹോട്ടലിൽ നിന്ന് മട്ടൻ വിഭവങ്ങൾ കഴിച്ച ചില ഉപഭോക്താക്കൾക്ക് ഇറച്ചിയുടെ രുചിയിലും ഗുണനിലവാരത്തിലും സംശയം തോന്നിയതാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാരോട് ചോദിച്ചപ്പോൾ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അവലഹള്ളി പൊലീസ് ഹോട്ടലിൽ രഹസ്യ പരിശോധന നടത്തുകയും മട്ടൻ കറിയുടെ സാമ്പിളുകൾ ശേഖരിച്ച് മൃഗസംരക്ഷണ വകുപ്പിൻ്റെ സഹായത്തോടെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിലാണ് മട്ടന് പകരം പോത്തിറച്ചിയാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് ഹോട്ടൽ പൂർണ്ണമായും പൂട്ടി സീൽ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കർണാടക ഗോവധ നിരോധന നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ സെൻട്രൽ ജയിലിലേക്ക് അയച്ചു. പിടിച്ചെടുത്ത മാംസത്തിൻ്റെ കൂടുതൽ സാമ്പിളുകൾ കൃത്യമായ ശാസ്ത്രീയ സ്ഥിരീകരണത്തിനായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Police close prominent Malayali hotel in Bengaluru for distributing beef in the name of mutton, two Malayalis arrested

More Stories from this section

family-dental
witywide