പി.എസ്.സിക്ക് ഗുരുതര വീഴ്ച; ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി, ഇന്നത്തെ പരീക്ഷ റദ്ദാക്കി

ആലപ്പുഴ: കേരള പബ്ലിക് സർവീസ് കമ്മീഷന് (പി.എസ്.സി) സംഭവിച്ച ഗുരുതര സുരക്ഷാ വീഴ്ചയെ തുടർന്ന് വിവിധ കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിലേക്കുള്ള പൊതു പ്രാഥമിക പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നടന്ന പരീക്ഷയ്ക്കാണ് മാറി നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം.

ആലപ്പുഴ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറിപ്പോയതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പത്താംതരം പൊതു പ്രാഥമിക പരീക്ഷ റദ്ദ് ചെയ്തതായി പി.എസ്.സി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം, ഇതേ തസ്തികയ്ക്കായി രാവിലെ പത്ത് മുതൽ പതിനൊന്നര വരെ നടത്തിയ പരീക്ഷ വിജയകരമായി പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നേകാൽ മുതൽ മൂന്നര വരെ നടക്കേണ്ടിയിരുന്ന രണ്ടാമത്തെ പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയെഴുതി കഴിഞ്ഞ ശേഷമാണ് ചോദ്യപേപ്പർ മാറിയ വിവരം ഉദ്യോഗാർത്ഥികൾ പോലും അറിയുന്നത്.

സംഭവത്തിൽ വിപുലമായ അന്വേഷണം നടത്താനാണ് പി.എസ്.സിയുടെ തീരുമാനം. അന്വേഷണം സംബന്ധിച്ച പ്രഖ്യാപനവും റദ്ദാക്കിയ പരീക്ഷയുടെ പുതുക്കിയ തീയതിയും ഉടൻ തന്നെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട അനൗൺസ്മെന്റുകൾ നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തിൽ പി.എസ്.സിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്.

Major Lapse by PSC: Last Grade Servants Exam Cancelled Over Question Paper Mix-Up

More Stories from this section

family-dental
witywide