ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗ് ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതി; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നുൺഷ്യോ) പോളണ്ട് സ്വദേശിയായ ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗിനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. 2026 നവംബർ 14 ശനിയാഴ്ചയാണ് വത്തിക്കാൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലിയെ 2026 മാർച്ചിൽ ക്രൊയേഷ്യയിലെ അപ്പസ്തോലിക് നുൺഷ്യോയായി മാറ്റിനിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് 58-കാരനായ സൊമ്മർടാഗിന്റെ നിയമനം.

ഇന്ത്യൻ സർക്കാരുമായുള്ള വത്തിക്കാന്റെ നയതന്ത്ര ബന്ധങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലെ കത്തോലിക്കാ സഭയുമായുള്ള മാർപാപ്പയുടെ ഔദ്യോഗിക പ്രതിനിധിയായും അദ്ദേഹം പ്രവർത്തിക്കും. 1968 ഫെബ്രുവരി ആറിന് പോളണ്ടിലെ വിയെൻക്ബോർക്കിൽ ജനിച്ച സൊമ്മർടാഗ് 1993 മെയ് 30-നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ നിന്ന് നയതന്ത്ര പഠനവും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദി ഹോളി ക്രോസിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

2000 ജൂലൈ ഒന്നിനാണ് ആർച്ച് ബിഷപ്പ് സൊമ്മർടാഗ് വത്തിക്കാൻ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചത്. തുടർന്ന് ടാൻസാനിയ (2000–2003), നിക്കരാഗ്വ (2003–2005), ബോസ്നിയ-ഹെർസഗോവിന, മോണ്ടിനെഗ്രോ (2005–2010), ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് (2010–2013) എന്നിവിടങ്ങളിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങളിൽ അദ്ദേഹം സുപ്രധാന സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Pope Leo XIV Appoints Archbishop Waldemar Stanislaw Sommertag as New Vatican Ambassador to India

More Stories from this section

family-dental
witywide