10 മണിക്കൂർ നീണ്ട വമ്പൻ പ്രതിഷേധം, വഴങ്ങാതെ രാഹുൽ, കസ്റ്റഡിയിലെടുത്തത് 18 പോലീസുകാർ ചേർന്ന് ബലം പ്രയോഗിച്ച്, തലസ്ഥാനത്ത് രാത്രിയും പ്രതിഷേധം കത്തുന്നു

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായി നടത്തിയ ഒരുദിവസം നീണ്ട പ്രതിഷേധത്തിനൊടുവിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശവാണി ഭവന് മുന്നിലെ ആൽമരത്തിന് കീഴിൽ ഒമ്പതുമണിക്കൂറോളമാണ് ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. അതിനാടകീയമായ രംഗങ്ങൾക്കൊടുവിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരേയും എം.പിമാരേയും ആദ്യം കസ്റ്റഡിയിലെടുത്ത് നീക്കിയ പൊലീസ് പിന്നീട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ചുറ്റും വലയം തീർത്തു. മാധ്യമപ്രവർത്തകരെ അവിടെനിന്ന് മാറ്റിയ ശേഷമാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ തുടർന്നുള്ള ദൃശ്യങ്ങൾ പിന്നീട് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ പുറത്തുവിടുകയായിരുന്നു.

സ്ഥലത്തുനിന്ന് മാറില്ലെന്നും വേണമെങ്കിൽ ബലം പ്രയോഗിച്ച് നീക്കാമെന്നും രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസ് നടപടിയോട് സഹകരിക്കാതിരുന്ന രാഹുലിനെ പതിനെട്ടോളം പൊലീസുകാർ ചേർന്നാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനത്തിൽ കയറ്റിയെങ്കിലും ജനലിലൂടെ അദ്ദേഹം പുറത്തിറങ്ങാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

സമാനമായി വനിതാ പൊലീസ് പ്രിയങ്കാ ഗാന്ധിയെയും ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്. കെ.സി. വേണുഗോപാലിനെയും പൊലീസ് ബലമായി നീക്കി. നീണ്ട നാടകീയരംഗങ്ങൾക്കൊടുവിലാണ് രാഹുൽ ഗാന്ധി പൊലീസുമായി സഹകരിച്ചത്. കസ്റ്റഡിയിലായ ശേഷം വാഹനത്തിൽ എയർപോഡ് ധരിച്ച് ഫോൺ ഉപയോഗിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പൊലീസ് നടപടിയുടെ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് എക്‌സിൽ ശക്തമായ വിമർശനം ഉന്നയിച്ചു. നരേന്ദ്രമോദി പരിഭ്രാന്തിയിലാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും കോൺഗ്രസ് വ്യക്തമാക്കി. വോട്ടുകള്ളന്മാർക്കെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കുമെന്നും കാലം മാറുമ്പോൾ കണക്കുകൾ തീർക്കുമെന്നും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പാർട്ടി കുറിച്ചു.

High Drama in Delhi: Rahul Gandhi and Priyanka Gandhi Taken into Custody After Day-Long Protest Against Election Commissioner

More Stories from this section

family-dental
witywide