എഐപിഎക്കിന്റെ കോടികളെ തകർത്തെറിഞ്ഞ് അബ്‍ദുൾ എൽ സയീദിന് ചരിത്ര വിജയം: ഡെമോക്രാറ്റിക് പാർട്ടിയിൽ പുരോഗമനപക്ഷത്തിന് തകർപ്പൻ കുതിപ്പ്

വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിലെ വൻ സ്രാവുകളെയും കോടികളുടെ പണമൊഴുക്കിനെയും തട്ടിത്തെറിപ്പിച്ച് അബ്‍ദുൾ എൽ സയീദിന് തിളക്കമാർന്ന വിജയം. സെനറ്റർ ബേണി സാണ്ടേഴ്സ്, പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ് എന്നിവരടങ്ങുന്ന പുരോഗമന പക്ഷ നേതാക്കൾക്ക് പുതിയ ഊർജ്ജം പകരുന്നതാണ് ഈ വിജയം. എന്നാൽ മറുവശത്ത്, ഡെമോക്രാറ്റിക് പ്രമുഖരായ ചക് ഷൂമർ, കിർസ്റ്റൺ ഗില്ലിബ്രാൻഡ് എന്നിവർക്ക് കടുപ്പമേറിയ പ്രഹരമാണ് ഈ തിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചിരിക്കുന്നത്. ഹേലി സ്റ്റീവൻസിന് പിന്തുണ പ്രഖ്യാപിച്ച മുതിർന്ന ഡെമോക്രാറ്റിക് നേതൃത്വത്തെ പാടെ നിരാകരിച്ചാണ് ജനങ്ങൾ എൽ സയീദിനെ നെഞ്ചിലേറ്റിയത്.

എതിർ സ്ഥാനാർത്ഥിക്കായി പുറത്തുനിന്നുള്ള ഗ്രൂപ്പുകൾ ഒഴുക്കിയ 60 ദശലക്ഷത്തിലധികം ഡോളറിന്റെ സാമ്പത്തിക ശക്തിയെ മറികടന്നാണ് എൽ സയീദ് ഈ വിജയം സ്വന്തമാക്കിയത്. അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയുടെ സൂപ്പർ പാക്ക് ആയ ‘യുണൈറ്റഡ് ഡെമോക്രസി പ്രോജക്ട്’ നടത്തിയ വൻ ഇടപെടലുകൾ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരുന്നു. ഗാസയിലെ യുദ്ധത്തെയും ഇസ്രായേലിന്റെ വംശഹത്യയെയും ശക്തമായി വിമർശിച്ച എൽ സയീദ്, ഈ പണമൊഴുക്കിനെത്തന്നെ ആയുധമാക്കി എതിരാളിയുടെ നിലപാടുകളെ ചോദ്യം ചെയ്യുകയും പ്രചാരണത്തിന് വലിയ ജനകീയ അടിത്തറ സൃഷ്ടിക്കുകയും ചെയ്തു.

സാർവത്രിക ആരോഗ്യ പരിരക്ഷ, തൊഴിലാളി ക്ഷേമം, തിരഞ്ഞെടുപ്പ് ഫണ്ട് പരിഷ്കരണങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയ എൽ സയീദിന്റെ പ്രചാരണം ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവി ദിശ നിർണ്ണയിക്കുന്ന വലിയൊരു രാഷ്ട്രീയ പോരാട്ടമായി മാറി. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷം അനുയായികളെ അഭിസംബോധന ചെയ്ത എൽ സയീദും സ്റ്റീവൻസും പാർട്ടി ഐക്യത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു. തന്റെ റിപ്പബ്ലിക്കൻ എതിരാളിയായ മൈക്ക് റോജേഴ്സിന് ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് “മൈക്ക്, നിങ്ങൾ ഇത് കേൾക്കുന്നുണ്ടെന്ന് എനിക്കറിയാം, ഞങ്ങൾ നിങ്ങളെ തേടി വരികയാണ്” എന്ന് എൽ സയീദ് പ്രഖ്യാപിച്ചു. ഇതിനിടെ, പ്രൈമറി മത്സരത്തിൽ നിന്ന് നേരത്തെ പിന്മാറിയ സ്റ്റേറ്റ് സെനറ്റർ മല്ലോറി മക്‌മോറോ എൽ സയീദിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഡെമോക്രാറ്റിക് നിരയിൽ എൽ സയീദിന്റെ ജനകീയ അടിത്തറ കൂടുതൽ ശക്തമായി മാറിയിരിക്കുകയാണ്.

More Stories from this section

family-dental
witywide