
ബോസ്റ്റൺ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബോസ്റ്റണിലെ പ്രമുഖ ആകാശചുംബിയായ പ്രുഡൻഷ്യൽ സെന്റർ ആദ്യമായി ഇന്ത്യൻ ത്രിവർണ്ണ പതാകയുടെ വർണ്ണങ്ങളിൽ തിളങ്ങി. ഫൗണ്ടേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻസ് ന്യൂ ഇംഗ്ലണ്ടിന്റെ ആഭിമുഖ്യത്തിൽ ബോസ്റ്റൺ ഹാർബറിൽ സംഘടിപ്പിച്ച അഞ്ചാമത് അന്താരാഷ്ട്ര ഇന്ത്യാ ദിന പരേഡിലും ‘ഫ്രീഡം ഫെസ്റ്റിവലിലും’ ആയിരക്കണക്കിന് പ്രവാസികളാണ് പങ്കെടുത്തത്. ഇന്ത്യയും അമേരിക്കയും തമ്മിൽ വളർന്നുവരുന്ന പങ്കാളിത്തത്തിന്റെ പ്രതീകമായാണ് നഗരത്തിന്റെ ആകാശദൃശ്യത്തെ മാറ്റിമറിച്ച ഈ ദീപാലങ്കാരം വിശേഷിപ്പിക്കപ്പെട്ടത്.
ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദേശം എഫ്.ഐ.എ ന്യൂ ഇംഗ്ലണ്ട് പ്രസിഡന്റ് അഭിഷേക് സിംഗിന് കൈമാറി. ഇന്ത്യൻ സംസ്കാരം, ജനാധിപത്യ മൂല്യങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം എന്നിവയെ ഉയർത്തിക്കാട്ടുന്നതാണ് ഈ ആഘോഷമെന്ന് മന്ത്രി സന്ദേശത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പുതിയൊരു ആഗോള വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുകയാണെന്നും, ‘വസുധൈവ കുടുംബകം’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ ആശയങ്ങളിലൂന്നി പ്രവാസി സമൂഹവുമായുള്ള ബന്ധം കേന്ദ്രസർക്കാർ കൂടുതൽ ശക്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ രഘുറാം എസ്. പരേഡ് ഉദ്ഘാടനം ചെയ്തു. യു.എസ് നേവിയിലെ മാഗി ലെമേ, റിട്ട. ഇന്ത്യൻ ആർമി കേണൽ ഇന്ദർപ്രീത് സിംഗ് എന്നിവർ ഗ്രാന്റ് മാർഷൽമാരായി പരേഡിന് നേതൃത്വം നൽകി. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തവും വിളിച്ചോതുന്ന പ്ലോട്ടുകളും മാറാത്ത ടാഷ, അമേരിക്കൻ വെറ്ററൻസ് ബാൻഡ് എന്നിവരുടെ കലാപ്രകടനങ്ങളും പരേഡിന് മാറ്റുകൂട്ടി.
ഓഗസ്റ്റ് 15 ‘ഇന്ത്യാ ദിനമായി’ അംഗീകരിച്ചുകൊണ്ട് മസാച്ചുസെറ്റ്സ് ഗവർണർ മോറ ഹീലിയും ബോസ്റ്റൺ മേയർ മിഷേൽ വുവും പ്രത്യേക വിളംബരം പുറപ്പെടുവിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് ബോസ്റ്റണിൽ സ്വാതന്ത്ര്യദിനത്തിന് ഇത്തരം ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. അമേരിക്കൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ‘ബോസ്റ്റൺ ടീ പാർട്ടി’ നടന്ന ചരിത്രപ്രസിദ്ധമായ ബോസ്റ്റൺ ഹാർബറിലൂടെയും ഇന്ത്യ സ്ട്രീറ്റിലൂടെയുമാണ് പരേഡ് കടന്നുപോയത്.














