
മോസ്കോ: യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്നിലേക്ക് തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ തുനിഞ്ഞാൽ അത് റഷ്യയ്‌ക്കെതിരായ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ. യൂറോപ്യൻ ശക്തികൾ തങ്ങളുടെ സൈന്യത്തെ യുക്രെയ്ൻ മണ്ണിലേക്ക് അയക്കാൻ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യ കടുത്ത നിലപാടുമായി രംഗത്തെത്തിയത്.
റഷ്യ ആർക്കും ഭീഷണിയുയർത്തുന്നില്ലെന്നും ഒരു യൂറോപ്യൻ രാജ്യത്തേക്ക് കടന്നുകയറാൻ തങ്ങൾക്ക് യാതൊരു താൽപര്യവുമില്ലെന്നും പുട്ടിൻ വ്യക്തമാക്കി. യൂറോപ്പുമായി യുദ്ധത്തിൽ ഏർപ്പെടാൻ റഷ്യയ്ക്ക് യാതൊരു കാരണവുമില്ലെന്ന യാഥാർഥ്യം എല്ലാവരും മനസ്സിലാക്കണം. തങ്ങളുടെ രാജ്യങ്ങളിലെ ജനങ്ങളെ ‘റഷ്യൻ ഭീഷണി’ കാണിച്ച് യൂറോപ്യൻ നേതാക്കൾ വ്യാജ ഭീതി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാറ്റോയുടെ അതിർത്തി വികസനവും യുക്രെയ്ൻ നാറ്റോയിൽ ചേരാൻ നടത്തുന്ന നീക്കങ്ങളുമാണ് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ യൂറോപ്യൻ സൈനിക സാന്നിധ്യം കൂടി യുക്രെയ്നിൽ ഉറപ്പിച്ചാൽ അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് റഷ്യയുടെ താക്കീത്.
Putin issues a stern warning to Western nations: sending troops to Ukraine will be considered a direct declaration of war.














