നിർണായക ഇടപെടലുമായി റഷ്യ; ഇറാനുമായുള്ള സമാധാന ചർച്ചകൾ, ഡോണൾഡ് ട്രംപുമായി വിവരങ്ങൾ പങ്കുവെച്ച് വ്‌ളാഡിമിർ പുടിൻ

മോസ്കോ: മിഡിൽ ഈസ്റ്റ് സമാധാന കരാറുമായി ബന്ധപ്പെട്ട ഇറാന്റെ നിലപാടുകൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വെള്ളിയാഴ്ച ഇരു നേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പുടിൻ കൈമാറിയതെന്ന് ക്രെംലിൻ വൃത്തങ്ങൾ ശനിയാഴ്ച വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്നോ ഇറാന്റെ നിലപാട് എന്താണെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ ക്രെംലിൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനെതിരെ ആരംഭിച്ച യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെ തുടർന്നുണ്ടായ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ വേനൽക്കാലം മുതൽ സ്തംഭനാവസ്ഥയിലാണ്. തുർക്മെനിസ്ഥാൻ സന്ദർശനത്തിനിടയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി പുടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചത്.

ഇറാൻ പ്രസിഡന്റുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സംഘർഷത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട ഇറാന്റെ കാഴ്ചപ്പാടുകൾ പുടിൻ ട്രംപിന് നൽകിയതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘റിയാ നെൊവോസ്റ്റി’ റിപ്പോർട്ട് ചെയ്തു. യു.എസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ റഷ്യയുടെ ഈ നയതന്ത്ര ഇടപെടലുകൾ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read

More Stories from this section

family-dental
witywide