മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈന സന്ദർശിക്കുന്നു. അടുത്ത ആഴ്ച ബെയ്ജിംഗിലെത്തും. തുടർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിൻ അറിയിച്ചു.
മെയ് 19, 20 തീയതികളിലായി നടക്കുന്ന രണ്ട് ദിവസത്തെ സന്ദർശനം 2001-ലെ ചൈന-റഷ്യ സൗഹൃദ ഉടമ്പടിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ചാണെന്ന് ക്രെംലിൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും ബന്ധം, സാമ്പത്തിക സഹകരണം, പ്രധാന അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങൾ എന്നിവ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
2022-ൽ റഷ്യ യുക്രൈനിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ പാശ്ചാത്യ ഉപരോധങ്ങൾ ശക്തമായതോടെ മോസ്കോ കൂടുതൽ ചൈനയെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് ഇരുരാജ്യ ബന്ധം കൂടുതൽ ശക്തമായത്. 2025-ൽ ചൈന സന്ദർശിച്ച പുടിനെ ഷി ജിൻപിംഗ് “പഴയ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചിരുന്നു. പുടിനും ഷിയെ “പ്രിയ സുഹൃത്ത്” എന്ന് വിളിച്ചിരുന്നു.നവംബറിൽ ഷെൻഷെൻ നഗരത്തിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിലും പുടിൻ പങ്കെടുക്കും.
അതേസമയം, റഷ്യയും യുക്രൈനും തമ്മിൽ യുദ്ധതടവുകാരുടെ കൈമാറ്റം തുടരുകയാണ്. വെള്ളിയാഴ്ച 205 വീതം യുദ്ധതടവുകാരെ കൈമാറിയതിന് പിന്നാലെ, യുദ്ധത്തിൽ കൊല്ലപ്പെട്ട 528 സൈനികരുടെ മൃതദേഹങ്ങൾ റഷ്യ യുക്രൈന് കൈമാറി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യുക്രൈൻ അറിയിച്ചു. ആയിരം വീതം യുദ്ധതടവുകാരെ കൈമാറാനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണിതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി പറഞ്ഞു.
ഇതിനിടെ, റഷ്യ യുക്രൈന്റെ തെക്കൻ ഒഡേസ മേഖലയിലേക്ക് വ്യാപക ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ വീടുകളും ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടവും തകർന്നു. രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഒഡേസ തുറമുഖത്തിനും നാശനഷ്ടമുണ്ടായി. ഒരു രാത്രിയിൽ റഷ്യ 294 ഡ്രോണുകൾ വിക്ഷേപിച്ചതായി യുക്രൈൻ വ്യോമസേന അറിയിച്ചു. ഇതിൽ 269 എണ്ണം വെടിവെച്ചിട്ടതായും വ്യക്തമാക്കി.
അതേസമയം, 14 റഷ്യൻ മേഖലകളിൽ നിന്ന് 138 യുക്രൈൻ ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈൻ അതിർത്തിക്കു സമീപമുള്ള ബെൽഗൊറോഡ് മേഖലയിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായും റഷ്യൻ അധികൃതർ അറിയിച്ചു.
Putin to visit Chinese leader Xi Jinping days after Trump’s trip to Beijing









