
ബ്രസ്സൽസ്: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയും ഒമാൻ ഉൾക്കടലിന് മുകളിലുള്ള പ്രത്യേക വ്യോമമേഖലയും പൂർണ്ണമായും ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി. എല്ലാ ഉയരങ്ങളിലുള്ള വിമാന സർവീസുകൾക്കും ഈ സുരക്ഷാ നിർദ്ദേശം ബാധകമാണെന്നും, സാഹചര്യം വീണ്ടും വിലയിരുത്തി മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ജൂലൈ 29 വരെ ഈ നിയന്ത്രണം തുടരുമെന്നും ഇഎഎസ്എ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിൽ നേരത്തെയുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ തുടർച്ചയായും ഗുരുതരമായും ലംഘിക്കപ്പെടുന്നതാണ് ഗൾഫ് മേഖലയിലുടനീളം വീണ്ടും അതീവ സുരക്ഷാ ഭീഷണി ഉയരാൻ കാരണമെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം നിലനിർത്താനുള്ള ഇറാന്റെ നീക്കങ്ങളും, വാണിജ്യ കപ്പലുകൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളും, ഇതിന് മറുപടിയായി യുഎസ് സൈന്യം നടത്തുന്ന സൈനിക ഇടപെടലുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഇത് ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യു.എ.ഇ എന്നിവയുടെ വ്യോമാതിർത്തികൾക്കും, ഒപ്പം കിഴക്കൻ രേഖാംശം 58 ഡിഗ്രിക്ക് (longitude 58°E) പടിഞ്ഞാറുള്ള ഒമാൻ ഉൾക്കടലിന് മുകളിലുള്ള വ്യോമമേഖലയ്ക്കും അതീവ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. ആഗോള വിമാന സർവീസുകളുടെ റൂട്ടുകളെയും യാത്രാ സമയത്തെയും ഈ പുതിയ നിർദ്ദേശം കാര്യമായി ബാധിച്ചേക്കും.













