
അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ 290 അംഗ പാർലമെന്റിലെ 180 എംപിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുക, നയതന്ത്ര ചർച്ചകൾക്കായി പ്രത്യേക കമ്മീഷൻ രൂപീകരിക്കുക, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണം പൂർണ്ണമായും നിയമവിധേയമാക്കുക എന്നിവയാണ് എംപിമാർ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഉപരോധങ്ങൾ എത്ര കടുപ്പിച്ചാലും ഇറാന്റെ എണ്ണ കയറ്റുമതി തടയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാർലമെന്റിലെ വലിയൊരു വിഭാഗം കടുത്ത നിലപാടുകളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇറാനെതിരെ ഇന്ത്യ പ്രതിഷേധം കടുപ്പിച്ചു. ഡൽഹിയിലെ ഇറാൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചുവരുത്തി കേന്ദ്ര സർക്കാർ കടുത്ത അമർഷമറിയിച്ചു. സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും ഒട്ടും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷങ്ങൾ വീണ്ടും വർദ്ധിച്ചുവരുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, ആക്രമണങ്ങൾ ഉടനടി അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങിയെത്തണമെന്ന് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്ര വ്യാപാരവും ഗതാഗതവും പുനഃസ്ഥാപിക്കാൻ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യൻ എംബസി വഴിയും കോൺസുലേറ്റ് വഴിയും ദുരന്തത്തിൽപ്പെട്ട നാവികർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Iranian MPs Demand End to Peace Deal With US; India Lodges Protest Over Tanker Attack













