ചർച്ചകൾ മാത്രമാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക വഴിയെന്ന് ഖത്തർ; വ്യവസ്ഥകളിലും നഷ്ടപരിഹാരത്തിലും ഉടക്കി യുഎസും ഇറാനും

ദോഹ: ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകളിൽ അഭിപ്രായവ്യത്യാസങ്ങൾ തുടരുമ്പോഴും, ചർച്ചകൾ മാത്രമാണ് നിലവിലെ മേഖലയിലെ ഗുരുതര പ്രതിസന്ധി പരിഹരിക്കാനുള്ള ഏക വഴിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിന്റെയും ഒമാന്റെയും തലസ്ഥാനങ്ങളിൽ നിന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് അനുകൂലമായ സന്ദേശങ്ങളാണ് ലഭിക്കുന്നത്.

യുഎസും ഇറാന്നും തമ്മിലുള്ള പരോക്ഷ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി, ജലപാത തുറക്കുന്നതിന്റെ സാങ്കേതികവും നിയമപരവുമായ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഖത്തർ വക്താവ് മാജിദ് അൽ അൻസാരി അറിയിച്ചു. മധ്യസ്ഥർ വഴി ഈ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഖത്തർ നിരന്തരം പിന്തുണ നൽകുന്നുണ്ട്. എന്നാൽ, കടലിടുക്ക് തുറക്കുന്നതിന് ഇരുരാജ്യങ്ങളും പരസ്പരം കർശനമായ നിബന്ധനകൾ മുന്നോട്ടുവെക്കുന്നത് തടസ്സമാകുന്നുണ്ട്. മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കണമെന്നും യു.എസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാന് സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചും ഇറാന് മേൽ പുതിയ വ്യവസ്ഥകൾ ഉന്നയിച്ചിരിക്കുകയാണ്. ബോംബാക്രമണങ്ങളിലും മുൻകാല സംഘർഷങ്ങളിലും കൊല്ലപ്പെട്ടവർക്കും സാമ്പത്തിക നഷ്ടങ്ങൾക്കും ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ കരാറിലേക്ക് എത്തിക്കുന്നതിനായി കടുത്ത സാമ്പത്തിക ഉപരോധങ്ങളിലൂടെ സമ്മർദ്ദം ശക്തമാക്കാനാണ് അമേരിക്കൻ നീക്കം. പ്രതിബന്ധങ്ങളും ആരോപണപ്രത്യാരോപണങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, സൈനിക നീക്കങ്ങൾ ഒഴിവാക്കി മേഖലയിൽ സമാധാനം കൊണ്ടുവരാൻ കൂടുതൽ ചർച്ചകൾക്ക് കളമൊരുക്കുമെന്നും എല്ലാ ആശയവിനിമയ മാർഗ്ഗങ്ങളും തുറന്നുവെച്ചിരിക്കുകയാണെന്നും ഖത്തർ വ്യക്തമാക്കി.

More Stories from this section

family-dental
witywide