
അബുദാബി: മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെയോ അന്താരാഷ്ട്ര സൈനിക സാന്നിധ്യത്തെയോ മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. ഇറാനുമായി നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ ഇതിന് തെളിവാണെന്നും സുരക്ഷാ മേഖലയിൽ ഗൾഫ് രാജ്യങ്ങൾ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഏക പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബിയിൽ നടന്ന ‘ഹിലി ഫോറം’ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര സേനയുടെ സാന്നിധ്യവും അമേരിക്കയുമായുള്ള പങ്കാളിത്തവും വളരെ പ്രധാനമാണെങ്കിലും അവ പൂർണ്ണമായും പര്യാപ്തമല്ലെന്ന് ഗൾഫ് മേഖല തിരിച്ചറിയണം. സുഹൃത്തുക്കളും പങ്കാളികളും നമുക്ക് ആവശ്യമാണെങ്കിലും സ്വന്തം സുരക്ഷയ്ക്കായി അവരെ മാത്രം ആശ്രയിച്ചു കഴിയാൻ സാധിക്കില്ലെന്നും അൽ അൻസാരി ചൂണ്ടിക്കാട്ടി.
അമേരിക്കൻ തിരിച്ചടികൾക്ക് മറുപടിയായി ഇറാൻ തൊടുത്തുവിട്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ തുടർച്ചയായി ഇരയാകേണ്ടി വന്ന ഗൾഫ് രാജ്യങ്ങളിൽ ഒന്നായിരുന്നു ഖത്തർ. ഈ സാഹചര്യത്തിലാണ് മേഖല സ്വന്തം സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കണമെന്ന് ഖത്തർ പരസ്യമായി നിലപാടെടുത്തത്.













