
ദോഹ: സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതം കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഷിപ്പിംഗ് അനലിറ്റിക്‌സ് സ്ഥാപനമായ ‘കെപ്ലർ’ ഞായറാഴ്ച രേഖപ്പെടുത്തിയ ഡാറ്റ പ്രകാരം, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പ്രതിദിനം ശരാശരി 10 കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ശനിയാഴ്ച രേഖപ്പെടുത്തിയ 10 ദിവസത്തെ ശരാശരി 13 കപ്പലുകളും വെള്ളിയാഴ്ച ഇത് 15-ൽ കൂടുതലുമായിരുന്നു.
ശനിയാഴ്ച രണ്ട് കപ്പലുകളും ഞായറാഴ്ച ആറ് കപ്പലുകളും മാത്രമാണ് പ്രധാനമായും ഇറാനിയൻ പാതയിലൂടെ കടന്നുപോയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മുൻ ആക്രമണങ്ങൾക്ക് മറുപടിയായി മൂന്ന് ഇറാനിയൻ എണ്ണ ടാങ്കറുകൾ ആക്രമിച്ചു തകർത്തതായി ശനിയാഴ്ച അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് തിരിച്ചടിയായി, തങ്ങളുടെ അനുമതിയില്ലാത്ത പാതകളിലൂടെ സഞ്ചരിച്ച കൂടുതൽ കപ്പലുകളെ ലക്ഷ്യമിട്ടതായി ടെഹ്‌റാനും പ്രഖ്യാപിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതാണ് കപ്പൽ ഗതാഗതം പെട്ടെന്ന് കുറയാൻ കാരണം. അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടത്തിൽ നേരത്തെ താൽക്കാലിക ശാന്തത നിലനിന്നിരുന്നെങ്കിലും, ഈ ജലപാതയിലൂടെയുള്ള ഗതാഗതത്തിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. യുദ്ധത്തിന് മുൻപ് പ്രതിദിനം ശരാശരി 130 കപ്പലുകൾ വരെ കടന്നുപോയിരുന്ന സ്ഥാനത്താണിത്.











