രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം നടത്തുന്നു, ‘മെലഡി’ കൂടിക്കാഴ്ചക്കെതിരെ രാഹുലും ഖർഗെയും

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ പോയി മിഠായി വിതരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർഷകരും സാധാരണക്കാരും ദുരിതത്തിലാകുമ്പോൾ പ്രധാനമന്ത്രി റീൽസ് ഉണ്ടാക്കുന്ന തിരക്കിലാണെന്നും അതിനെ ബിജെപി പ്രവർത്തകർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് രാജ്യത്തെ നയിക്കുന്ന ലക്ഷണമല്ലെന്നും വെറും പ്രഹസനം മാത്രമാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് മോദി ‘മെലഡി’ മിഠായി സമ്മാനിച്ച വീഡിയോ വൈറലായതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിക്ക് പിന്നാലെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രംഗത്തെത്തി. രാജ്യത്തെ കൊള്ളയടിക്കുന്നതാണ് ബിജെപിയുടെ യഥാർത്ഥ ‘മെലഡി’ എന്ന് അദ്ദേഹം പരിഹസിച്ചു. രൂക്ഷമായ വിലക്കയറ്റത്തിലൂടെ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന സർക്കാർ, ജനങ്ങളുടെ സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരം കാണുന്നില്ല. പ്രധാനമന്ത്രി തന്റെ വിദേശ സന്ദർശനങ്ങളിലൂടെ പിആർ പരിപാടികൾ തുടരുമ്പോൾ, അതിന്റെ സാമ്പത്തിക ബാധ്യത മുഴുവൻ ജനങ്ങളുടെ തലയിലാണ് വന്നുചേരുന്നതെന്നും ഖർഗെ കുറ്റപ്പെടുത്തി.

ഇന്ധനവില വർധനയും തൊഴിലില്ലായ്മയും രാജ്യത്തെ സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും മാസങ്ങളിൽ പണപ്പെരുപ്പം ഇനിയും വർധിക്കുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് പ്രധാനമന്ത്രി വിദേശത്ത് ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നത്. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഇത്തരം മാധ്യമ നാടകങ്ങൾ ഉപയോഗിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

Rahul Gandhi and Kharge Slam PM Modi’s ‘Melody’ Moment in Italy Amid Economic Crisis

More Stories from this section

family-dental
witywide