രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴിലെ കയ്യാങ്കളി: ഹസന്‍റെ നേതൃത്വത്തിൽ 3 അംഗ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി, നടപടി ഉറപ്പെന്ന് സണ്ണി ജോസഫ്

ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി വിഷയം ഗൗരവമായി കാണുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഭവത്തിൽ സംഘടന മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായ 3 അംഗ സമിതിയെ നിയോഗിച്ചു. മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി രമണി പി. നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് മറ്റ് അംഗങ്ങൾ. സംഘർഷത്തിൽ സമിതി നാളെ തന്നെ ഇരുവിഭാഗങ്ങളുടെയും മൊഴിയെടുക്കും.

അതിനിടെ, സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. എം.എൽ.എയുടെ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, എം.എൽ.എയും സഹായിയും വീടുകയറി ആക്രമിച്ചെന്ന ആരോപണത്തിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കുമെന്ന നിലപാടിലാണ് പോലീസ്.

പാളയം പ്രദീപുമായി ബന്ധപ്പെട്ട തർക്കങ്ങളും പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകളുമാണ് രാത്രി 9.30 ഓടെ സജാദിന്റെ വീട്ടിൽ വെച്ചുണ്ടായ സംഘർഷത്തിലേക്ക് നയിച്ചത്. ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് രമ്യ ഹരിദാസ് ആരോപിക്കുമ്പോൾ, പ്രശ്നങ്ങൾക്കെല്ലാം കാരണം പാളയം പ്രദീപിന്റെ അനാവശ്യ ഇടപെടലുകളാണെന്ന് മറുചേരി വാദിക്കുന്നു. കയ്യാങ്കളിയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രമ്യ ഹരിദാസിനെ പിന്നീട് ഡിസ്ചാർജ് ചെയ്തു.

Ramya Haridas Chirayinkeezhu Altercation: KPCC Appoints 3 Member Inquiry Committee Led by MM Hassan

More Stories from this section

family-dental
witywide