തിരുവനന്തപുരം ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ്, പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക നേതാക്കൾ തന്നെ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. കയ്യാങ്കളിയെ തുടർന്ന് രമ്യ ഹരിദാസ് എം.എൽ.എ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. ‘എന്റെ കൈ വിടടാ’ എന്ന് എം.എൽ.എ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതുമായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ രമ്യ ഹരിദാസിന്റെ പി.എ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എം.എൽ.എയും പി.എയും അടക്കം നേതാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതിനിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.
എം.എൽ.എ തങ്ങളെ ആക്രമിച്ചുവെന്നും കൈയ്ക്ക് പരിക്കേറ്റതായും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവർ ആരോപിച്ചു. അതേസമയം സജിത്ത് ഉൾപ്പെടെയുള്ളവർ തങ്ങളെ ആക്രമിച്ചുവെന്നാണ് എം.എൽ.എയുടെ ആരോപണം. സംഭവം പോലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.
Altercation Between MLA Remya Haridas and Congress Leaders in Chirayinkeezhu; Remya Hospitalized














