
ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹന ഉടമയും കുട്ടിയുടെ പിതാവുമായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് മോട്ടോർ വെഹിക്കിൾ ആക്ട് 199A വകുപ്പ് ചുമത്തി ജഡ്ജിയെ പ്രതിചേർത്ത് പോലീസിന്റെ എഫ്.ഐ.ആർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. നിയമോപദേശം തേടിയ ശേഷമാണ് ഈ നിർണായക നടപടിയെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച 17-കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അപകടമുണ്ടാക്കിയ 17-കാരൻ പതിവായി കാറോടിക്കുന്ന ആളാണെന്ന് പോലീസ് കണ്ടെത്തലിൽ പറയുന്നു. അപകട ദിവസം രാത്രി അതിവേഗതയിൽ കാറോടിക്കുന്ന ‘സ്പീഡ് റീൽ’ ചിത്രീകരിക്കാനാണ് ബെൻസ് വാഹനവുമായി കുട്ടി ഇറങ്ങിയത്. അപകടത്തിന് തൊട്ടുമുൻപ് മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കേസിലെ തുടക്കത്തിലെ അന്വേഷണ വീഴ്ചയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ വിശദീകരണം തേടുകയും ഇന്ന് തന്നെ മറുപടി നൽകാൻ കർശന നിർദേശം നൽകുകയും ചെയ്തു.
മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നീതി ലഭിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് വ്യക്തമാക്കി. പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയ കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി അറിയിച്ചു. കേസിൽ പോലീസിനെതിരെയും ജഡ്ജിക്കെതിരെയും കടുത്ത പ്രതിഷേധമാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നത്.
Cheranalloor Accident Case: Judge Booked as Co-Accused; Police to Move Court to Cancel Minor’s Bail















