ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് ശേഷം മാർപ്പാപ്പ ആശുപത്രി വിട്ടു; ആവേശത്തോടെ സ്വീകരിച്ച് വിശ്വാസികൾ, ലാറ്റിനമേരിക്കൻ സന്ദർശനത്തിന് തടസമില്ല

റോം: വലത് ശ്വാസകോശത്തിലെ അർബുദ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപ്പാപ്പ ചികിത്സ പൂർത്തിയാക്കി റോമിലെ ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസമായ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:43-ഓടെയാണ് 71-കാരനായ പാപ്പ ആശുപത്രി വിട്ടത്. പ്രധാന കവാടത്തിലൂടെ പുറത്തുവന്ന മാർപ്പാപ്പയെ കാത്തുനിന്ന വലിയ ജനക്കൂട്ടം ആവേശത്തോടെ സ്വീകരിച്ചു. ജനങ്ങളെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്ത പാപ്പ, ചിലരുമായി സംസാരിക്കുകയും ചെയ്തു.

ഒക്ടോബർ 20 വരെ ആശുപത്രിയിൽ തുടരുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും രക്തപരിശോധനകളും നെഞ്ചിന്റെ എക്സ്-റേ ഫലങ്ങളും തൃപ്തികരമായതിനെത്തുടർന്ന് ഡോക്ടർമാർ നേരത്തെ ഡിസ്ചാർജ് അനുവദിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച വത്തിക്കാനിലെ വിൻഡോയിൽ നിന്ന് നടത്തുന്ന പരമ്പരാഗത ‘ആഞ്ചലസ്’ പ്രാർത്ഥനയിൽ മാർപ്പാപ്പ പങ്കെടുക്കുമെന്നും വത്തിക്കാൻ സ്ഥിരീകരിച്ചു. നവംബർ ആദ്യം നിശ്ചയിച്ചിട്ടുള്ള ഉറുഗ്വേ, അർജന്റീന, പെറു എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്ര തടസമില്ലാതെ നടക്കുമെന്ന് അദ്ദേഹത്തെ ചികിത്സിച്ച സർജൻ ഡോ. സ്റ്റെഫാനോ മർഗാരിറ്റോറ വ്യക്തമാക്കി.

ആശുപത്രിവാസത്തിനിടയിലും മാർപ്പാപ്പ തന്റെ ഔദ്യോഗിക ചുമതലകളിൽ സജീവമായിരുന്നു. വെള്ളിയാഴ്ച ആശുപത്രിയിലെ ചാപ്പലിൽ ദിവ്യബലി അർപ്പിച്ച പാപ്പ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് യുക്രൈനിലെ ഓലെഷ്കി നഗരത്തിലെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിൽ ആഴത്തിലുള്ള ആശങ്ക അറിയിച്ചു. കൂടാതെ പ്രമുഖ കർദ്ദിനാൾമാരുമായി കൂടിക്കാഴ്ച നടത്തുകയും വത്തിക്കാന്റെ ഭരണപരമായ കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

More Stories from this section

family-dental
witywide