
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ അന്തമാൻ കടലിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 250-ഓളം പേരെ കാണാതായി. ബംഗ്ലാദേശിലെ ടെക്നാഫിൽ നിന്നും മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. കാണാതായവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ അഭയാർത്ഥികളും ബംഗ്ലാദേശ് പൗരന്മാരുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് നിയന്ത്രണം വിട്ട ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട ഒൻപത് പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കടലിലൂടെ കടന്നുപോയ ‘എം.ടി മേഘ്‌ന പ്രൈഡ്’ എന്ന ചരക്കു കപ്പലാണ് ഇവരെ രക്ഷിച്ചത്. രക്ഷപ്പെട്ടവരെ പിന്നീട് ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിന് കൈമാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.
മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങളിൽ നിന്നും ബംഗ്ലാദേശിലെ ക്യാമ്പുകളിലെ പട്ടിണിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചവരാണ് വലിയൊരു സംഘം ആളുകളുമായി ഈ അപകടയാത്ര നടത്തിയത്. കാണാതായവർക്കായി അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. യുഎൻ അഭയാർത്ഥി ഏജൻസിയായ UNHCR സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. സുരക്ഷിതമല്ലാത്ത ഇത്തരം സമുദ്രയാത്രകൾ തടയാൻ കർശന നടപടികൾ വേണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.
Refugee boat sinks in Indian Ocean; 250 missing















