വിജയ് സർക്കാരിന് മദ്രാസ് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി, കരൂർ ദുരന്തത്തിലെ ആശ്രിത നിയമനങ്ങൾ റദ്ദാക്കി, ‘സുപ്രീം കോടതിയുടെ മാർഗ്ഗരേഖകൾ ലംഘിച്ചു’

കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് വിജയ് സർക്കാരിന് കനത്ത തിരിച്ചടി നൽകി. ദുരന്തബാധിതരായ 31 പേർക്ക് മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറിയ നിയമന ഉത്തരവാണ് കോടതി ഇടപെടലിലൂടെ ഇല്ലാതായത്. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള കർശനമായ മാർഗ്ഗരേഖകൾ പരസ്യമായി ലംഘിക്കപ്പെട്ടുവെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.

റോഡ് അപകടങ്ങളിൽ മരിക്കുന്ന എല്ലാവരുടെയും ബന്ധുക്കൾക്ക് ഇതുപോലെ സർക്കാർ ജോലി നൽകാൻ സാധിക്കുമോ എന്ന് കേസ് പരിഗണിക്കവേ കോടതി ചോദിച്ചു. ലക്ഷക്കണക്കിന് യുവാക്കൾ അർഹതപ്പെട്ട സർക്കാർ ജോലി കാത്ത് പുറത്തുനിൽക്കുമ്പോൾ ഇത്തരം ആശ്രിത നിയമനങ്ങൾ അലക്ഷ്യമായി നടത്താൻ കഴിയില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സർക്കാർ ജോലി എന്നത് ഒരു കുടുംബത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഒന്നാണെന്നും അതിനാൽ സർവ്വ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ നിയമനങ്ങൾ നടത്താവൂ എന്നും കോടതി ഉത്തരവിൽ ഓർമ്മിപ്പിച്ചു.

നേരത്തെ ടിവികെ (തമിഴക വെട്രി കഴകം) റാലിക്കിടെ ഉണ്ടായ വൻ ആൾക്കൂട്ട ദുരന്തത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കരൂരിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി വിജയ് നിയമന ഉത്തരവുകൾ കൈമാറിയത്. അതേസമയം ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള സിബിഐ അന്വേഷണം നിലവിൽ പുരോഗമിക്കുകയാണെന്നും കോടതി അറിയിച്ചു.

Madras High Court Cancels Vijay Govt’s Job Appointments to Karur Tragedy Victims’ Kin

More Stories from this section

family-dental
witywide