ട്രംപിന് ആശ്വാസം; ഇറാൻ യുദ്ധാധികാരം വെട്ടിക്കുറയ്ക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നോ അല്ലെങ്കിൽ യുദ്ധത്തിനായി കോൺഗ്രസിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നോ ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് തള്ളി. നേരിയ ഭൂരിപക്ഷത്തിനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുകൂലമായി സെനറ്റ് വിധി എഴുതിയത്. നവംബറിൽ നടക്കാനിരിക്കുന്ന നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ഡെമോക്രാറ്റുകൾ ലക്ഷ്യമിട്ട നീക്കമാണ് ഇതോടെ പരാജയപ്പെട്ടത്.

49-നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. ഭരണ-പ്രതിപക്ഷ കക്ഷികൾ പാർട്ടി അടിസ്ഥാനത്തിലാണ് വോട്ട് രേഖപ്പെടുത്തിയതെങ്കിലും നാല് റിപ്പബ്ലിക്കൻ സെനറ്റർമാർ പാർട്ടി വിപ്പ് ലംഘിച്ച് പ്രമേയത്തെ അനുകൂലിച്ചത് ട്രംപ് ക്യാമ്പിന് തിരിച്ചടിയായി. സൂസൻ കോളിൻസ്, റാൻഡ് പോൾ, തോം ടില്ലിസ്, ലിസ മർക്കോവ്സ്കി എന്നീ റിപ്പബ്ലിക്കൻ അംഗങ്ങളാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഇതിൽ സെനറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്ന തോം ടില്ലിസ് ഇതാദ്യമായാണ് യുദ്ധ വിരുദ്ധ പ്രമേയത്തെ പിന്തുണയ്ക്കുന്നത്. അതേസമയം, പ്രതിപക്ഷ നിരയിലെ ജോൺ ഫെറ്റർമാൻ എന്ന ഡെമോക്രാറ്റിക് അംഗം പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു.

നേരത്തെ യുഎസ് ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) പാസാക്കിയ പ്രമേയമാണ് ഇപ്പോൾ സെനറ്റ് തള്ളിയത്. കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിൽ ബോംബാക്രമണം ആരംഭിച്ചതിന് ശേഷം 14 തവണയാണ് യുദ്ധാധികാര പ്രമേയങ്ങൾ സെനറ്റിൽ വന്നത്. ഇതിൽ രണ്ടുതവണ മാത്രമാണ് പ്രമേയം പാസാക്കാനായത്. എന്നാൽ വൈറ്റ് ഹൗസ് ഈ തീരുമാനങ്ങളെല്ലാം മുൻപ് തള്ളിക്കളയുകയായിരുന്നു.

യുദ്ധം മൂലം രാജ്യത്തുണ്ടായ ഭക്ഷ്യ-ഇന്ധന വിലക്കയറ്റത്തിൽ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. അടുത്തിടെ പുറത്തുവന്ന റോയിട്ടേഴ്സ്/ഇപ്സോസ് സർവേ പ്രകാരം കേവലം 34 ശതമാനം വോട്ടർമാർ മാത്രമാണ് ഇറാന്റെ മേലുള്ള സൈനിക നടപടികളെ അനുകൂലിക്കുന്നത്. നവംബർ 3-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയഭീതിയിലുള്ള പല റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും ഇപ്പോൾ യുദ്ധത്തിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, സ്ഥാനാർത്ഥികൾ നിലപാട് മാറ്റുന്നത് വരാനിരിക്കുന്ന കടുത്ത തെരഞ്ഞെടുപ്പ് മത്സരം മുന്നിൽക്കണ്ട് മാത്രമാണെന്ന് ഹൗസിലെ ഡെമോക്രാറ്റിക് ലീഡർ ഹക്കീം ജെഫ്രീസ് ആരോപിച്ചു.

യുഎസ് ഭരണഘടനയനുസരിച്ച് യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിന് മാത്രമാണെന്നും, ട്രംപിന്റെ കൃത്യമായ തന്ത്രമില്ലായ്മ രാജ്യത്തെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്നും ഡെമോക്രാറ്റുകൾ വാദിക്കുമ്പോൾ, കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ സൈനിക നടപടിയെടുക്കാൻ പ്രസിഡന്റിന് പൂർണ്ണ അവകാശമുണ്ടെന്നാണ് റിപ്പബ്ലിക്കൻമാരുടെ നിലപാട്.

Relief for Trump; US Senate rejects resolution to curtail Iran war powers.

More Stories from this section

family-dental
witywide