
ദോഹ: ഗൾഫ് മേഖലയിൽ യുദ്ധം തുടരുകയും ഊർജ്ജ-അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നിടത്തോളം കാലം ആഗോള എണ്ണ വിതരണ തടസ്സം തുടരുമെന്ന് പ്രമുഖ ഊർജ്ജ വിശകലന വിദഗ്ദ്ധ. കഴിഞ്ഞ വാരാന്ത്യത്തിൽ കുവൈറ്റിലെ വൈദ്യുത-കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ തുടർച്ചയായി രണ്ട് തവണ ആക്രമണം ഉണ്ടായതടക്കം, ഗൾഫ് മേഖലയിലെ പ്രധാന ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാൻ നിരന്തരം ആക്രമണം നടത്തുന്നുണ്ടെന്ന് കുവൈറ്റ് ഊർജ്ജ മന്ത്രി വ്യക്തമാക്കിയിരുന്നു. മേഖലയിലെ പ്രമുഖ ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ ‘കെപ്ലറിലെ’ മിഡിൽ ഈസ്റ്റ് എനർജി & ഒപെക് പ്ലസ് മേധാവി ആമിന ബക്കർ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിലവിലെ ഗുരുതര സാഹചര്യം വിശദീകരിച്ചത്.
ഗൾഫിലെ ഭൂരിഭാഗം രാജ്യങ്ങളും തങ്ങളുടെ മുൻപത്തെ ഉൽപ്പാദന ശേഷി കൈവരിക്കാനും, യുദ്ധത്തിൽ സംഭവിച്ച വൻ നാശനഷ്ടങ്ങൾ പരിഹരിച്ച് സാധാരണ നിലയിലേക്ക് തിരിച്ചുവരാനും ആഗ്രഹിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. “മേഖലയുടെ സാമ്പത്തിക പുനരുജ്ജീവനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് മുൻപ് ധാരണാപത്രം ഒപ്പുവെച്ച സമയത്ത് പേർഷ്യൻ ഉൾക്കടലിൽ കുടുങ്ങിക്കിടന്ന കപ്പലുകളെ കരയ്ക്കെത്തിക്കുന്ന കാര്യത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല.
യുദ്ധത്തിൽ തകർന്ന തന്ത്രപ്രധാനമായ പ്ലാന്റുകളും സംഭരണശാലകളും പുനരുദ്ധരിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ഈ പ്രക്രിയ വൈകുംതോറും ആഗോള വിപണിയിലേക്കുള്ള എണ്ണ, ഊർജ്ജ വിതരണത്തിലെ തടസ്സങ്ങൾ കൂടുതൽ നീണ്ടുനിൽക്കും.”— ആമിന ബക്കർ പറഞ്ഞു. യുദ്ധവും ആക്രമണങ്ങളും നീണ്ടുപോകുന്നത് ആഗോള എണ്ണ വിപണിയിൽ വൻ വിലക്കയറ്റത്തിനും ഉൽപ്പാദന പ്രതിസന്ധിക്കും കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.















