‘പിണറായി ഗാരു’, കേന്ദ്രത്തിനെതിരെ കൈകോർക്കാൻ പിണറായിയുടെ പിന്തുണ തേടി രേവന്ത്, ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്കെല്ലാം കത്ത്

വനിതാ സംവരണത്തിന്റെ പേരിൽ ലോക്സഭാ – നിയമസഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയനടക്കം കത്തെഴുതി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കമുള്ളവർക്ക് കത്തെഴുതിയ രേവന്ത്, ദക്ഷിണേന്ത്യക്കായി ഒന്നിക്കാം എന്നാണ് കുറിച്ചത്. വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡലപുനർനിർണയം നടത്തി സീറ്റുകൾ വർധിപ്പിക്കുന്നത് തെക്കൻ സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കേരളത്തിന്റെ പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വിഭജനം കൂടുതൽ ശക്തമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. ജനസംഖ്യാനിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുന്നത് തിരിച്ചടിയാകും. ഈ വേർതിരിവ് ഇല്ലാതാക്കാൻ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ശക്തമായ കൂട്ടായ്മ വേണമെന്നും രാഷ്ട്രീയ ഭേദമന്യേ ഇതിനായി ഒന്നിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ‘പിണറായി ഗാരു’ എന്നാണ് രേവന്ത് കത്തിൽ കുറിച്ചിട്ടുള്ളത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിൽ രൂക്ഷമായ വാക്പോരുകൾ നടന്നിരുന്നു. രേവന്ത് റെഡ്ഡിയുടെ ‘നീ പോ മോനെ വിജയാ’ പരിഹാസവും അതിന് പിണറായി വിജയൻ നൽകിയ ‘ഡാഷ് മോനെ രേവന്താ’ മറുപടിയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ളതാണ്. ആ കയ്പേറിയ തർക്കങ്ങൾ നിലനിൽക്കെത്തന്നെ, പ്രാദേശിക താല്പര്യങ്ങൾ സംരക്ഷിക്കാനായി തെലങ്കാന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയുടെ സഹായം തേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.

Revanth Reddy seeks Pinarayi Vijayan’s support against Centre’s move

More Stories from this section

family-dental
witywide