
വത്തിക്കാൻ സിറ്റി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ലിയോ പതിനാലാമൻ മാർപ്പാപ്പയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് വത്തിക്കാനിൽ നടക്കും. ഇറാൻ വിഷയത്തിലും കുടിയേറ്റ നയങ്ങളിലും വാഷിംഗ്ടണും വത്തിക്കാനും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം. സഭയുടെ ചരിത്രത്തിലെ ആദ്യ അമേരിക്കൻ മാർപ്പാപ്പയായ ലിയോ പതിനാലാമനെതിരെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ് റൂബിയോയുടെ സന്ദർശനം എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.
ഇറാനിലെ യുഎസ് സൈനിക നടപടിയെ മാർപ്പാപ്പ എതിർത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. മാർപ്പാപ്പ രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്നുവെന്നും ‘തീവ്ര ഇടതുപക്ഷത്തെ’ സഹായിക്കുന്നുവെന്നും ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. എന്നാൽ, ഈ സന്ദർശനം വത്തിക്കാനുമായുള്ള ബന്ധം പുതുക്കാനല്ലെന്നും മറിച്ച് സാധാരണ നിലയിലുള്ള നയതന്ത്ര ഇടപെടൽ മാത്രമാണെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എങ്കിലും ക്യൂബ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വത്തിക്കാൻ്റെ സഹകരണം തേടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ലെന്നും സമാധാനത്തിനായി സംസാരിക്കുന്നത് തുടരുമെന്നും മാർപ്പാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. ആളുകൾക്ക് തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അത് “സത്യസന്ധമായിരിക്കണം” എന്നും, “സുവിശേഷവും സമാധാനവും പ്രചരിപ്പിക്കുക എന്നതാണ് സഭയുടെ ദൗത്യം” എന്നും ചൊവ്വാഴ്ച ലിയോ പതിനാലാമൻ മാർപ്പാപ്പ പറഞ്ഞു. ആണവായുധങ്ങളെക്കുറിച്ചുള്ള ട്രംപിൻ്റെ ആരോപണങ്ങളോട് പ്രതികരിക്കവെ, സഭ വർഷങ്ങളായി “എല്ലാത്തരം ആണവായുധങ്ങൾക്കും എതിരായി സംസാരിക്കാറുണ്ടെന്നും, ആ കാര്യത്തിൽ സംശയത്തിൻ്റെ ആവശ്യമില്ലെന്നും” അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ വത്തിക്കാൻ കൊട്ടാരത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോലിനുമായും അദ്ദേഹം ചർച്ച നടത്തും. ഇറാൻ വിഷയത്തിൽ അമേരിക്കയെ പിന്തുണയ്ക്കുന്നില്ല എന്ന ട്രംപിൻ്റെ വിമർശനം നേരിടുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായും റൂബിയോ കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.
Rubio-Leo XIV meeting today















